anthya-chumbanam-nalkunnu

കുടുംബത്തിന്റെ ഏക പ്രതീക്ഷയും അസ്തമിച്ചു

കല്ലമ്പലം: ദുഃഖവെള്ളിയാഴ്ച വൈകിട്ടോടെ കപ്പാംവിള നിവാസികളെ തേടിയെത്തിയത് വലിയൊരു ദുഃഖ വാർത്തയായിരുന്നു. കുളിക്കാനിറങ്ങി പള്ളിക്കൽ പുഴയിൽ മുങ്ങിമരിച്ച നാവായിക്കുളം കപ്പാംവിള മുകളുംപുറം കുന്നുംപുറത്ത് വീട്ടിൽ വൈഷ്ണവിന്റെ ദുരന്തമാണ് ഇവരെ കാത്തിരുന്നത്.

ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു ഡിഗ്രി വിദ്യാർത്ഥിയായ വൈഷ്ണവ്.അവധി ദിവസമായതിനാൽ കൂട്ടുകാരോടൊത്ത് കറങ്ങുന്നതിനിടയിലാണ് പുഴയിൽ കുളിക്കാനിറങ്ങിയത്.അപകടങ്ങൾ പതിയിരിക്കുന്ന പുഴയിൽ കഴിഞ്ഞ വർഷം ദമ്പതികളടക്കം മൂന്നുപേർ മുങ്ങിമരിച്ചിരുന്നു.പൊതുവേ പുഴ ശാന്തമാണെങ്കിലും അടിയൊഴുക്കിൽപ്പെട്ട് നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടുണ്ട്.പുഴയുടെ രൗദ്രഭാവം തിരിച്ചറിയാതെ വൈഷ്ണവും കൂട്ടുകാരും കുളിക്കാനിറങ്ങുകയായിരുന്നു.വൈഷ്ണവ് പുഴയിൽ മുങ്ങിമരിച്ച നടുക്കത്തിൽ നിന്ന് കൂട്ടുകാർ ഇനിയും മുക്തരായിട്ടില്ല.

ഏക മകനാണ് വൈഷ്ണന്.വാടക വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.വൈഷ്ണവിന്റെ പിതാവ് വിജയന് കൂലിപ്പണിയാണ്. മകനെ പഠിപ്പിച്ച് നല്ല നിലയിലാക്കണമെന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.അതിനുവേണ്ടി രാപകലില്ലാതെ കഷ്ടപ്പെടുകയായിരുന്നു വിജയൻ. അരുമ മകന്റെ ചേതനയറ്റ ശരീരത്തിൽ വീണ് അലമുറയിട്ട് വിതുമ്പുന്ന വിജയൻ കണ്ടുനിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു.അലറിക്കരഞ്ഞ മാതാവിനെ ബന്ധുക്കൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വൈഷ്ണവിനെ അവസാനമായി ഒരു നോക്കുകാണാൻ രാവിലെ മുതൽ നിരവധിപേർ വീടിന് പരിസരത്ത് തടിച്ചുകൂടിയിരുന്നു.