photo

നെയ്യാറ്റിൻകര: വഴിയാത്രക്കാർക്ക് തലവേദനയായി നെയ്യാറ്റിൻകര കാട്ടാക്കട റോഡിലെ വഴിയോരക്കച്ചവടം. നെയ്യാറ്റിൻകര ആലുംമ്മൂട് ജംഗ്ഷൻ ആശുപത്രി റോഡിലെ ഗേൾസ് ബോയിസ് സ്കൂളുകൾക്ക് മുന്നിലായാണ് യാത്രക്കാരെ വലയ്ക്കുന്ന തരത്തിൽ വഴിയോരക്കച്ചവടം.

ആദ്യഘട്ടത്തിൽ യാത്രക്കാർക്ക് പ്രശ്നമുണ്ടാകാത്ത തരത്തിൽ നാമമാത്രമായിട്ടായിരുന്നു വ്യാപാരം. എന്നാൽ,​ ഇപ്പോൾ അത് ഒരുഡസനിലേറെയായി വർദ്ധിച്ചു. ഇതോടെ ദുരിതവും തുടങ്ങി. നെയ്യാറ്റിൻകര സിവിൽ സ്റ്റേഷനിലും താലൂക്ക് ഓഫീസിലും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യേണ്ട സ്ഥലത്തെ റോഡിലാണ് നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷൻ മുതൽ ആലുംമ്മൂട് എസ്.ബി.ഐ വരെയുള്ള ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ കടകൾ ഉള്ളത്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമുള്ള സ്ഥലത്താണ് തട്ടുകടകൾ നിരന്നിരിക്കുന്നത്. തുണിക്കടകളും പച്ചക്കറി കടകളും ചെടി കച്ചവടവും ഇവിടെയുണ്ട്.

കാഴ്ചമറച്ച് കച്ചവടം

ആലുംമൂട് മുതൽ ആശുപത്രി ജംഗ്ഷൻ വരെ കെട്ടിയടച്ച് നടപ്പാതയുണ്ടെങ്കിലും വിൽക്കാനുള്ള വസ്ത്രങ്ങൾ കൊരുത്ത് നടവഴിയിലൂടെ പോകുന്ന ആളുകളെ പുറമേ കാണാൻ പറ്റാത്ത തരത്തിൽ സാധനങ്ങൾ തൂക്കിയിട്ടിരിക്കുകയാണ്. അതിനാൽ ഇതുവഴി നടപ്പാതയിലൂടെയുള്ള യാത്രയും ദുഷ്ക്കരമാണ്. വൈകിട്ട് കടയടയ്ക്കുമ്പോൾ സാധനസാമഗ്രികൾ താലൂക്ക് ഓഫീസ് പരിസരത്തും കോടതി പരിസരത്തുമാണ് സൂക്ഷിക്കുന്നത്.

വഴിനടക്കാൻ വയ്യേ...

നടവഴിയിലെ മറകാരണം സ്ത്രീകൾക്കും കുട്ടികൾക്കും ഇതുവഴി നടന്നു പോകാൻ ഭയമാണ്. നടവഴിയിൽ തമ്പടിക്കുന്ന യുവാക്കൾ ഇവരെ ശല്യം ചെയ്യുന്നതായും പരാതിയുണ്ട്. എന്നാൽ പലരും ഭയംകാരണം പൊലീസിൽ പരാതിപ്പെടാൻ തയാറാകുന്നില്ല. ഒപ്പം തട്ടുകടയിലെ ജീവനക്കാർ തമ്മിൽ തർക്കം ഉണ്ടാവുന്നതും പതിവാകുന്നുണ്ട്. മാസങ്ങൾക്കു മുമ്പ് ഇവിടെവച്ച് വൃദ്ധ ദമ്പതികളെ തട്ടുകടയിലെ ജീവനക്കാരൻ മർദ്ദിച്ചിട്ടും കുറ്റവാളി രക്ഷപ്പെടുകയാണുണ്ടായത്.

 ട്രാഫിക് ബ്ലോക്കും

ഫാസ്റ്റ് ട്രാക് കോടതി, താലൂക്ക് ഓഫീസ് പരിസരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. നെയ്യാറ്റിൻകര പട്ടണം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി നിർമ്മാണ പ്രവൃത്തികൾ നഗരസഭ നടത്തിവരുന്നുണ്ട്. നഗരത്തിന്റെ സിരാകേന്ദ്രമായ സിവിൽ സ്റ്റേഷൻ താലൂക്ക് ആസ്ഥാനം തുടങ്ങിയ ഇടങ്ങളിൽ വൺവേ ആയതിനാൽ പാർക്കിംഗിന് സ്ഥലം ഒരുക്കാവുന്നതുമാണ്. ഇപ്പോഴുള്ള ചെറു കച്ചവടക്കാരെ നെയ്യാറ്റിൻകര സ്റ്റേഡിയത്തിന്റെ പരിസരത്തും നഗരസഭയ്ക്ക് മുന്നിലും ക്രമീകരിച്ചാൽ ട്രാഫിക് തടസങ്ങളും ഒഴിവാകും.