യഥാർത്ഥ വില്ലൻ സ്വഭാവം കാണിക്കുന്നതായിരുന്നു ഡാനിയൽ ബാലാജി കഥാപാത്രങ്ങൾ

തീക്ഷ്ണമായ നോട്ടം. മുഖത്ത് ഒട്ടും ചിരി വരുത്താത്ത ഭാവം. പതിഞ്ഞ ശബ്ദം. പ്രതിനായക കഥാപാത്രങ്ങൾ അവതരിപ്പിച്ച് തമിഴിൽ മുൻനിരയിൽ സ്ഥാനം പിടിച്ച ഡാനിയൽ ബാലാജി വിട പറയുന്നത് അപ്രതീക്ഷിതമായി. തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിൽ 50ലധികം സിനിമകളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും കഥാപാത്രങ്ങൾ ഏറെയും പ്രതിനായകന്മാർ. ചിത്തി എന്ന തമിഴ് സീരിയലിലൂടെയാണ് ടി.സി. ബാലാജി ഡാനിയൽ ബാലാജി ആകുന്നത്. രാധിക പ്രധാന വേഷത്തിൽ എത്തിയ ചിത്തി സംവിധാനം ചെയ്ത ഭാസ്കർ ആണ് ആ പേര് സമ്മാനിക്കുന്നത്. സീരിയലിൽ ബാലാജി അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഡാനിയൽ. കമൽഹാസന്റെ സ്വപ്നപദ്ധതിയായിരുന്ന മരുതനായകം സിനിമയുടെ പ്രൊഡക്‌ഷൻ മാനേജരായാണ് വെള്ളിത്തിരയോട് അടുക്കുന്നത്. മരുതനായകം നടക്കാതെ വന്നതോടെ ബാലാജി അഭിനയരംഗത്തേക്ക് വഴി മാറുകയും ചെയ്തു.
ധനുഷ് നായകനായ കാതൽ കൊണ്ടേൻ സിനിമയിൽ ചെറിയ വേഷത്തിൽ തുടക്കം. ഗൗതം മേനോന്റെ കാക്ക കാക്കയിൽ സൂര്യയുടെ സുഹൃത്തായ പൊലീസ് ഓഫീസറുടെ വേഷത്തിലൂടെ ശ്രദ്ധേയനാവുന്നു. കമൽഹാസന്റെ വേട്ടയാട് വിളയാട് സിനിമയിലെ അതിക്രൂരനായ സൈക്കോ പാത്തിനെ അവിസ്‌മരണീയമാക്കി പ്രേക്ഷകരെ ഞെട്ടിച്ചു. പൊല്ലാത്തവൻ, വട ചെന്നൈ, ബിഗിൽ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ. മമ്മൂട്ടി നായകനായി രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ളാക്കിലൂടെ മലയാള പ്രവേശം. ഡാഡികൂൾ, ഭഗവാൻ, ഫോട്ടോഗ്രാഫർ, പൈസ പൈസ തുടങ്ങിയ മലയാള ചിത്രങ്ങളിലും വില്ലൻ വേഷങ്ങൾ. പൈസ പൈസയിലെ തമിഴനായ ഓട്ടോ ഡ്രൈവറെ അത്ര പെട്ടെന്ന് മറക്കില്ല. അയാളുടെ മുഖത്തെ ഗൗരവവും. അവിവാഹിതനായിരുന്നു. തന്റേത് ബ്രഹ്മചാരി ജാതകമാണെന്നും വിവാഹം ഒരിക്കലും നടക്കില്ലെന്ന് 25 വയസിൽ അറിഞ്ഞുവെന്നും ഒരഭിമുഖത്തിൽ ഡാനിയൽ ബാലാജി പറഞ്ഞിട്ടുണ്ട്. നാടക പാരമ്പര്യത്തിൽ നിന്നു വരുന്ന ബാലാജി തമിഴിലെ മുൻകാല നായക നടൻ മുരളിയുടെ അമ്മാവന്റെ മകനാണ്. അനശ്വരമായ ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ചാണ് മടക്കം.