
ആറ്റിങ്ങൽ : ഗവ.പോളിടെക്നിക്ക് കോളേജിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുന്ന തരത്തിൽ പ്രവർത്തനം കാഴ്ചവച്ച ഷാജിൽ അന്ത്രു പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് വിരമിച്ചു. വ്യവസായത്തിനും സമൂഹത്തിനും പ്രയോജനപ്പെടുംവിധമുള്ള നൈപുണ്യ വികസന അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഇന്നവർ എൻ പോളിടെക്നിക്ക് 2021 എന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പദ്ധതി നടപ്പാക്കിയതു മുതൽ കൊവിഡ് കാലയളവിൽ അന്താരാഷ്ട്ര വ്യക്തിത്വങ്ങളുമായി വിദ്യാർത്ഥികളുടെ ആശയവിനിമയം ക്രമീകരിച്ചതും കമ്മ്യൂണിറ്റി കോളേജും വിദ്യാർത്ഥികളുടെ സംരംഭകപദ്ധതികളും ആരംഭിച്ചതും പഠനത്തോടൊപ്പം സമ്പാദ്യമെന്ന സംരംഭം ആരംഭിച്ചതുമെല്ലാം അദ്ദേഹത്തിന്റെ സേവനകാലയളവിലെ എടുത്തുപറയേണ്ട നേട്ടങ്ങളാണ്. സാഹിത്യകാരൻ കൂടിയായ ഷാജിൽ അന്ത്രു ഏർനെസ്റ്റ് ഹെമിംഗ് വേയെ മറികടന്ന് ലോകത്തിലെ ഏറ്റവും ചെറിയ കഥ ഒരു വാക്കിൽ എഴുതി ഏഷ്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയിട്ടുണ്ട്. സീറോയിസം എന്ന തത്വചിന്തയുടെ ഉപജ്ഞാതാവ്, ഫിഷ് ബോൺ കാവ്യരൂപത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും ഷാജിൽ അന്ത്രുവിന്റെ സ്ഥാനം വളരെ വലുതാണ്. അനിവാര്യമായ വിരമിക്കൽ അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം പ്രവർത്തന പഥത്തിലെ ഒരു മാറ്റം മാത്രമെങ്കിലും വിദ്യാർത്ഥികൾക്കും സഹപ്രവർത്തർക്കും രക്ഷകർത്താക്കൾക്കുമുൾപ്പെടെയുള്ളവർക്ക് തീരാനഷ്ടം തന്നെയായിരിക്കും.