
കുളത്തൂർ: കുളത്തൂർ അരശുംമൂട് - കുഴിവിള നിവാസികൾ ഒന്നടങ്കം ഇന്നലെ തെരുവിലിറങ്ങി, അധികാരികളുടെ കണ്ണുതുറപ്പിക്കാൻ. കഴിഞ്ഞ ആറ് വർഷമായി സ്വീവേജ് പദ്ധതിയുടെ പേരിൽ ഈ പ്രദേശത്തുകാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിട്ട്. ഇത്രയും കാലമായിട്ടും പണികൾ പൂർത്തിയാക്കാതെ മെല്ലെപ്പോക്ക് തുടരുന്നതിൽ സഹികെട്ടായിരുന്നു ഇവരുടെ പ്രതിഷേധം.
സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ പ്രതിഷേധ സൂചകമായി കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി കറുത്ത പ്ലക്കാർഡുകളും പിടിച്ച് മൂന്ന് കിലോമീറ്റർ ദൂരം കാൽനടയാത്ര നടത്തിയാണ് പ്രതിഷേധിച്ചത്. വർഷങ്ങൾക്ക് മുമ്പ് ജനങ്ങൾ ഒട്ടനവധി പരാതികളും നിവേദനങ്ങളും നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്ഥലം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ 2021 ഒക്ടോബർ 27ന് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതോടെ റോഡുപണി അടിയന്തരമായി പൂർത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ ഉറപ്പു നൽകിയിരുന്നു. എന്നാൽ വർഷം ഇത്രയും കഴിഞ്ഞിട്ടും ജനങ്ങളുടെ ദുരിതത്തിന് അറുതിയായില്ല. സ്വീവേജ് നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കാൻ അധികാരികൾ ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
 നിർമ്മാണം നീളെ നീളെ
ഒരു കിലോമീറ്ററോളം വരുന്ന അരശുംമൂട് -കുഴിവിള റോഡിലെ നിർമ്മാണ പ്രവൃത്തികളാണ് ഇപ്പോഴും അനന്തമായി നീളുന്നത്. കഴക്കൂട്ടം മുട്ടത്തറ സ്വീവേജ് പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികളിൽ ആദ്യം തുടങ്ങിയ ഭാഗത്തെ പണികളാണ് നീളുന്നത്. സ്വീവേജിന് പൈപ്പിടാനായി കുത്തിപ്പൊളിച്ചിട്ട റോഡും അപകടക്കെണിയായി കിടക്കുന്ന വെള്ളക്കെട്ടുകളും അരശുംമൂട് കുഴിവിളയിലെയും തമ്പുരാൻമുക്കിലെയും റോഡിലെ താമസക്കാർക്ക് ഇപ്പോൾ പേടിസ്വപ്നമാണ്. നിരവധി പാർപ്പിട സമുച്ചയങ്ങളും ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ടെക്നോപാർക്ക് ഫേസ് ത്രീ കടന്നുപോകുന്ന ഈ റോഡ് പൂർണമായും തകർന്നു. കാൽനടയാത്ര പോലും സാദ്ധ്യമല്ല. കരാറുകാർ പലതവണ മാറിയെത്തിയിട്ടും എല്ലാം പഴയപടി തന്നെ.
 പുറത്തിറങ്ങാനും വയ്യ
മന്ത്രി റോഷി അഗസ്റ്റിൻ പലതവണ സ്ഥലം സന്ദർശിച്ച് ഉടൻ ശരിയാകുമെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ല. വാഹനങ്ങളും മറ്റും വർഷങ്ങളായി പുറത്തിറക്കാനാവാതെ നശിച്ചു. സ്കൂൾ ബസുകൾ വരാതായതോടെ ഇതുവഴി വലിയ ചെളിക്കുണ്ടുകൾ ചാടിക്കടന്ന് കുട്ടികളെ ദേശീയ പാതയിലെത്തിച്ചാൽ സ്കൂൾ വാഹനങ്ങളിൽ കയറ്റാം. ചെളിക്കുഴിയായി കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്തതിനാൽ പലരും വീടുകളും പൂട്ടി വാടക വീടുകളിലേക്ക് താമസം മാറ്റി. രാത്രികാലങ്ങളിൽ അത്യാവശ്യമായി ആശുപത്രിയിൽ പോകണമെങ്കിൽ രോഗിയെ ചുമന്ന് ചെളിക്കുഴിയിലൂടെ പ്രധാന റോഡിലെത്തണം.