
നെടുമങ്ങാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റ ഡോ. കെ.എസ്. അനിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ കൊടുംക്രൂരതയ്ക്കിരയായി ജീവൻ പൊലിഞ്ഞ സിദ്ധാർത്ഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. സിദ്ധാർത്ഥിന്റെ അച്ഛനും അമ്മയും വി.സിയോട് കാര്യങ്ങൾ വിശദീകരിച്ചു. ഗവർണർ നിയോഗിച്ച അന്വേഷണ കമ്മിഷനിൽ പൂർണ വിശ്വാസമുണ്ടെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു. ഈ അന്വേഷണവും അട്ടിമറിക്കാൻ സാധിച്ചിരുന്നെങ്കിൽ സർക്കാർ അതും ചെയ്യുമായിരുന്നെന്ന് ജയപ്രകാശ് കുറ്റപ്പെടുത്തി. മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് വി.സി പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'അന്വേഷണ കമ്മിഷനെ നിയമിച്ചതിനാൽ കുടുതൽ കാര്യങ്ങൾ പറയുന്നില്ല. കമ്മിഷന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ധനസഹായം നൽകും. റാഗിംഗ് പോലുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കാര്യങ്ങൾ കമ്മിഷന്റെ പരിധിയിലാണ് വരുന്നത്.' വൈസ് ചാൻസിലർ ഓഫീസിലെ എല്ലാവരും പുതിയതാണെന്നും കെ.എസ്. അനിൽ പറഞ്ഞു.
കൊലപാതകത്തെക്കുറിച്ച് മാത്രമായിരിക്കും സി.ബി.ഐ അന്വേഷിക്കുന്നത്, അന്വേഷണ കമ്മിഷനാകുമ്പോൾ അതിനു പുറമെയുള്ള കാര്യങ്ങളും അന്വേഷിക്കും. നേരത്തെ ഉണ്ടായിരുന്ന രണ്ടു വി.സിമാരോടും എല്ലാ കാര്യങ്ങളും വിശദമായി സംസാരിച്ചിരുന്നതാണ്. എല്ലാം ശരിയാക്കാം എന്നു പറഞ്ഞുപോയിട്ട് സസ്പെൻഡ് ചെയ്ത എല്ലാവരെയും തിരിച്ചെടുത്തു, അതിൽ പല താത്പര്യങ്ങളുമുണ്ടെന്നും ജയപ്രകാശ് പറഞ്ഞു. സി.ബി.ഐ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് സിദ്ധാർത്ഥിന്റെ കുടുംബം പരാതിപ്പെട്ട സാഹചര്യത്തിലാണ് ഗവർണർ പുതിയ അന്വേഷണം പ്രഖ്യാപിച്ചത്.