ആറ്റിങ്ങൽ: വിഷരഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കാൻ കർഷകർക്ക് വിപുലമായ സഹായഹസ്തവുമായി എക്കോ ഷോപ്പും അഗ്രോ സെന്ററുമായി മുദാക്കൽ കൃഷി ഭവൻ. അഞ്ചു വർഷം മുമ്പ് 25 വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും 25 ലക്ഷം രൂപയുടെ കാർഷിക യന്ത്ര സാമഗ്രികളുമായി ആരംഭിച്ചതാണ് മുദാക്കലിലെ അഗ്രോ സെന്റർ. കാർഷിക മേഖലയിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കൽ, ചെലവ് കുറഞ്ഞ കൃഷി രീതികളും മികച്ച വിളവും ലക്ഷ്യമിട്ടാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. കർഷകർക്ക് ട്രാക്ടർ ഒരു മണിക്കൂർ ഉപയോഗിക്കുന്നതിന് 800 രൂപയും കാടു വെട്ടുന്നതിന് 300 രൂപയുമാണ് ഈടാക്കുന്നത്. കാർഷിക മേഖലയിൽ യന്ത്രവത്കരണം വന്നതോടെ മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ തരിശിടങ്ങളിൽ കൂടുതൽ മേഖലകളിൽ കൃഷി വ്യാപിപ്പിക്കാനും ഈ സംരംഭത്തിന് കഴിഞ്ഞിട്ടുണ്ട്.
അഗ്രോ സെന്ററിലെ യന്ത്രങ്ങൾ
ട്രാക്ടർ, പവ്വർ ടില്ലർ, മെതിയന്ത്രം, മിനി ഡ്രയർ, പുല്ല് ചെത്ത് യന്ത്രം, തെങ്ങുകയറ്റ് യന്ത്രം, ഞാറുനടീൽ യന്ത്രം
 കർഷകർക്ക് ഗുണം
തെങ്ങുകയറ്റക്കാർ കുറഞ്ഞപ്പോൾ പരിശീലനം നൽകിയവരെ രംഗത്തിറക്കി കേരകർഷകരെ സംരക്ഷിച്ചു. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഏഴ് ലക്ഷം ഗുണമേന്മയുള്ള വിവിധ ഇനം പച്ചക്കറി തൈകളും ഒരു ലക്ഷം കുരുമുളക് വള്ളികളും ഇവിടെ ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്തു. ഇവിടെ ഉത്പാദിപ്പിക്കുന്ന തൈകൾ താലൂക്കിലെ വിവിധ കൃഷിഭവനുകൾ വഴിയാണ് കർഷകരിൽ എത്തിക്കുന്നത്. സീസൺ നോക്കി പച്ചക്കറി തൈകൾ ഉത്പാദിപ്പിക്കുന്നതിനാൽ കർഷകർക്ക് ഏറെ ഗുണം ചെയ്യും.
 കൃഷി കൂടുതൽ ഇടങ്ങളിലേക്ക്
എക്കോ ഷോപ്പുകൾ വഴി ജൈവവളം, കീടനാശിനി, വേപ്പിൻപിണ്ണാക്ക് തുടങ്ങിയവ മിതമായ നിരക്കിൽ കർക്ഷകർക്ക് എത്തിക്കുകയാണ് ലക്ഷ്യം. നിരവധി കാർഷിക പദ്ധതികൾ ആരംഭിച്ചതോടെ നിരവധി തൊഴിൽ അവസരങ്ങളും ഉണ്ടായിട്ടുണ്ട്. കാർഷികരംഗത്ത് യന്ത്രവത്കരണം വന്നതോടെ കൃഷി എളുപ്പമായെന്നും കൂടുതൽ ഇടങ്ങളിൽ കൃഷി വ്യാപിക്കുന്നതിന് ഇടയായതായും കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
കാർഷിക ഉപകരണങ്ങളും സേവന ജോലിക്കാരെയും ഗ്രാമപഞ്ചായത്തിന് പുറത്തും എത്തിച്ച് കൂടുതൽ മേഖലകളിൽ വിഷരഹിത പച്ചക്കറി കൃഷി വ്യാപിപ്പിക്കാനാണ് എക്കോഷോപ്പുകൾ കൊണ്ട് ലക്ഷ്യമിടുന്നത്.
പ്രതികരണം
യന്ത്രവത്കരണവും ന്യായമായ വിലയിൽ ജൈവ വളവും മറ്റ് സാധനങ്ങളും കർഷകർക്ക് ലഭിച്ചതോടെ വിഷരഹിത പച്ചക്കറി ഉത്പാദനം കൂടി.
സുഗതൻ, കർഷകൻ
ചിത്രം
മുദാക്കലിലെ അഗ്രോ സെന്റർ, നവീന കാർഷിക യന്ത്ര സാമഗ്രഹികൾ .