
ആറ്റിങ്ങൽ: പൊട്ടക്കിണറ്റിൽ വീണ മൂന്ന് യുവാക്കളെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. രണ്ടുപേർക്ക് ഗുരുതര പരിക്കുണ്ട്. ആറ്റിങ്ങൽ കാട്ടുമ്പുറം കാട്ടുവിള വീട്ടിൽ നിഖിൽ (19),നിതിൻ (18),പുത്തൻവിള വീട്ടിൽ രാഹുൽ രാജ് (18) എന്നിവരാണ് കിണറ്റിൽ വീണത്.കീഴുവിലം കാട്ടിൻപുറത്ത് ഇന്നലെ ഉച്ചയ്ക്ക് 1ഓടെയായിരുന്നു സംഭവം.
ആൾമറയില്ലാത്ത കാടുകയറിയ 80 അടിയോളം താഴ്ചയും വെള്ളവുമുള്ള കിണറ്റിൽ മൂവർ സംഘത്തിലെ ഒരാൾ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കവേയാണ് മറ്റ് രണ്ടുപേർ കൂടി കിണറ്റിൽ വീണത്. സംഭവമറിഞ്ഞ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് ഫയർഫോഴ്സിന്റെ സഹായം തേടിയത്.ആറ്റിങ്ങൽ ഫയർഫോഴ്സ് യൂണിറ്റെത്തി മൂവരെയും വല സഞ്ചിയിൽ കരയ്ക്ക് എത്തിക്കുകയായിരുന്നു.തുടർന്ന് ആറ്റിങ്ങൽ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും,ഗുരുതര പരിക്കേറ്റ നിതിൻ,രാഹുൽ രാജ് എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.രക്ഷാപ്രവർത്തനങ്ങൾക്ക് ആറ്റിങ്ങൽ ഫയർസ്റ്റേഷനിലെ അസി. എസ്.ടി.ഒ ബിജു,റസ്ക്യൂ ഓഫീസർമാരായ ആർ.എസ്.രാഗേഷ്,രതിഷ്,അമൽ ജിത്ത്,വിഷ്ണു ബി.നായർ,സജി എസ്.നായർ,സുജിത്ത്,സജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.