
പേരൂർക്കട : തലസ്ഥാനത്ത് വൻ മോഷണം നടത്തുന്നതിന് ആസൂത്രണം നടത്തിയ പ്രതികളെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റുചെയ്തു. കൊടുങ്ങാനൂർ കടയിൽ മുടുമ്പ് പഴവിളാകത്തു വീട്ടിൽ മലമുകൾ കടുവക്കുഴിയിൽ കൊപ്രാബിജു എന്ന രാജേഷ് (43) ഇടുക്കി ചേലമൂട് സ്വദേശി രാജേഷ് (39)എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇതിൽ കൊപ്രാ ബിജു അന്തർജില്ലാ മോഷ്ടാവും നൂറോളം മോഷണക്കേസിലെ പ്രതിയുമാണ്. ഇയാളെ കരുതൽത്തടങ്കലിൽ വയ്ക്കുന്നതിനായി ജില്ലാ കളക്ടർ കാപ്പാ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് കൊപ്ര ബിജു തമിഴ്നാട് കോയമ്പത്തൂരിൽ ഒളിവിൽക്കഴിഞ്ഞു വരികയായിരുന്നു.അവിടെ നിന്നാണ് മോഷണം ആസൂത്രണം ചെയ്ത് എത്തിയത്.
കഴിഞ്ഞ 26 ന് വെള്ളൈക്കടവിനു സമീപം മങ്കുഴി അമ്പാടിയിൽ റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ വിജയകുമാറിന്റെ വീട്ടിലും ഇതിനു സമീപം മങ്കുഴി തേജസ് വീട്ടിൽ ഐ.ബി ഉദ്യോഗസ്ഥൻ ശ്രീ ശങ്കറിന്റെ വീട്ടിലും മോഷണം നടന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. മോഷണം നടന്ന വീട്ടിൽ നിന്നും സി സി ടി വി ക്യാമറയുടെ ഡി.വി.ആർ ബോക്സ് ഇവർ എടുത്തുകൊണ്ടുപോയി ആറ്റിൽ ഉപേക്ഷിച്ചത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വട്ടിയൂർക്കാവിലും പരിസരത്തും അടുത്തിടെ നടന്ന ക്ഷേത്ര മോഷണം ഉൾപ്പെടെയുള്ള എല്ലാ കേസിലെയും പ്രതികളെ ഇതിനകംതന്നെ പൊലീസ് പിടികൂടിയിട്ടുണ്ട്. തുടർന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കിയതായി എസ്.എച്ച്.ഒ അറിയിച്ചു. അറസ്റ്റുചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വിനോദ്, എസ്. ഐ മാരായ രാകേഷ്, നിയാസ്, അരുൺ കുമാർ . വിജയകുമാർ ' മനോഹരൻ സി.പി.ഒ മാരായ രാജേഷ്, ബൈജു, സുരേഷ് ബാബു, മാധവൻ,വിജിത് എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകിയത്.