photo

നെടുമങ്ങാട്: യുദ്ധഭൂമിയിൽ നിന്നുള്ള അദ്ഭുതകരമായ മടങ്ങിവരവിന്, എല്ലാ പിന്തുണയും ധൈര്യവും നൽകി ഒപ്പം നിന്നതിനുള്ള സ്നേഹാദരമായി കേന്ദ്രമന്ത്രി വി. മുരളീധരന് വിദ്യാർത്ഥികളുടെ വക സ്‌പെഷ്യൽ ഗിഫ്റ്റ്. കെട്ടിവയ്ക്കാനുള്ള കാശുമായി യുക്രെയ്നിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഇന്നലെ സ്ഥാനാർത്ഥിക്ക് മുന്നിലെത്തി. മൂവായിരം മലയാളികൾ അടങ്ങുന്ന ഇരുപതിനായിരം വിദ്യാർത്ഥികളെ യുക്രെയിൻ യുദ്ധഭൂമിയിൽ നിന്ന് ഒഴിപ്പിച്ച ശ്രമകരമായ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ ആദ്യം പത്രിക സമർപ്പിച്ച സ്ഥാനാർത്ഥിയെന്ന അംഗീകാരം വി. മുരളീധരൻ സ്വന്തമാക്കി.

ദുഃഖവെള്ളിയുടെ ആകുലതയിൽ പ്രാർത്ഥനയും ജപവുമായി കഴിയുന്ന വിശ്വാസിസമൂഹത്തെ പള്ളികളിലും കോൺവെന്റുകളിലും സന്ദർശിക്കുന്ന തിരക്കിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്. അരുവിക്കര മണ്ഡലത്തിലായിരുന്നു കൂടുതൽ സമയവും. കാച്ചാണിയിൽ തുടങ്ങി വൈകിട്ട് വിതുരയിൽ കവല സന്ദർശനം സമാപിച്ചു. മുക്കിലും മൂലയിലും കടകളിലും ചെന്ന് വോട്ടർമാരെ നേരിൽക്കണ്ടു. പൂവച്ചലിലെ പങ്കജകസ്തൂരി ഹെർബൽസ് ഇന്ത്യയുടെ ഫാർമസ്യുട്ടിക്കൽ കമ്പനി ജീവനക്കാരെ സന്ദർശിച്ചു. വെള്ളിയാഴ്ച കല്ലമ്പലത്തും നാവായിക്കുളം വലിയ പള്ളിയിലും മടവൂരും ജുമാ മസ്ജിദുകളിൽ നടന്ന സമൂഹ നോമ്പ് തുറയിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ഇന്നലെ വൈകിട്ട് പണിമൂല ദേവീക്ഷേത്രത്തിൽ സാംസ്കാരിക സമ്മേളനത്തിലും പങ്കെടുത്തു. അടൂർ പ്രകാശിന്റെ സ്വീകരണ പര്യടന പരിപാടി ഏഴിന് കാട്ടാക്കട മണ്ഡലത്തിൽ ആരംഭിക്കും. ഇന്ന് രാവിലെ ആറ്റിങ്ങൽ മണ്ഡലത്തിലെ പുതിയകാവ് മാർക്കറ്റിൽ കവല സന്ദർശനം പുനരാരംഭിക്കും.

എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ജോയിയുടെ സ്വീകരണ പര്യടനം കത്തുന്ന പകലിലും തളരാതെ ഗ്രാമവഴികളിലെത്തി. സ്ഥാനാർത്ഥിയെ കാണാൻ, വരവേൽക്കാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. കരിക്കിൻ വെള്ളവും ശീതള പാനീയങ്ങളും പഴവർഗങ്ങളും നൽകി തലയിൽ കൈവച്ച് അനുഗ്രഹിച്ച് ജോയിയെ എതിരേറ്റു. നെടുമങ്ങാട് നിയോജക മണ്ഡലം പര്യടനത്തിന് കരകുളം കായ്പാടിയിൽ ഇന്നലെ രാവിലെ തുടക്കമായി. മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി ആർ. ജയദേവൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ്.എസ്. രാജലാൽ, കെ.പി. പ്രമോഷ്, വി.അമ്പിളി,ഡോ.ഷിജൂഖാൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. എട്ടാം കല്ല്, കരകുളം പാലം കല്ലയം, മുക്കോല, കുറ്റിയാണി, കണക്കോട്, വേറ്റിനാട്, നെടുവേലി, കൊഞ്ചിറ വഴി നൂറോളം കേന്ദ്രങ്ങൾ പിന്നിട്ട് രാത്രി ഒമ്പതരയോടെ കന്യാകുളങ്ങരയിൽ സമാപിച്ചു. സ്വീകരണ പര്യടനം ഇന്നും തുടരും. വി. മുരളീധരൻ പള്ളിപ്പുറം വെള്ളൂരിലെ ആനതാഴ്ച്ചിറ കുടിവെള്ളപദ്ധതി പ്രദേശം സന്ദർശിച്ച് ജനകീയ കൂട്ടായ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ സംഘടിപ്പിച്ച വികസന ചർച്ചയിലും സ്ഥാനാർത്ഥി എത്തി.