തിരുവനന്തപുരം:ആറ്റിങ്ങൽ ലോക്സഭാമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി. മുരളീധരൻ ഇന്നലെ നാമനിർദേശപത്രിക സമർപ്പിച്ചു. നേതാക്കളുടെയും പ്രവർത്തകരുടെയും വൻ അകമ്പടിയോടെയാണ് കേന്ദ്രമന്ത്രികൂടിയായ മുരളീധരൻ കുടപ്പനക്കുന്നിലെ കളക്ടറേറ്റിൽ എ.ഡി.എം.സി.പ്രേമരാജിന് മുന്നിൽ പത്രിക സമർപ്പിച്ചത്. നേതാക്കളായ പി.കെ.കൃഷ്ണദാസ്,വിഷ്ണുപുരം ചന്ദ്രശേഖർ,അജി എസ്.ആർ.എം. തുടങ്ങിയവർ മുരളീധരനൊപ്പം ഉണ്ടായിരുന്നു.നരേന്ദ്രമോദി സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ സദ്ഭരണത്തിനുള്ള അംഗീകാരമാകും തിരഞ്ഞെടുപ്പെന്ന് മുരളീധരൻ പറഞ്ഞു.നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വീണ്ടും സർക്കാർ രൂപീകരിക്കും എന്ന് രാജ്യത്തിന് ബോദ്ധ്യമുണ്ട്. അതിന്റെ പ്രതിഫലനം ആറ്റിങ്ങലിലും ഉണ്ടാകുമെന്ന് മുരളീധരൻ പറഞ്ഞു. പിണറായി സർക്കാരിന്റെ കഴിഞ്ഞ എട്ടുവർഷത്തെ ഭരണത്തിനെതിരായ വിധിയാവും ഈ തിരഞ്ഞെടുപ്പെന്നും മുരളീധരൻ പറഞ്ഞു.