
തിരുവനന്തപുരം: മോഹിനിയാട്ട കലാകാരനായ ആർ.എൽ.വി രാമകൃഷ്ണന് എതിരായ അധിക്ഷേപ പരാമർശത്തിൽ നർത്തകി സത്യഭാമയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് കേസ്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം പ്രകാരമാണ് കേസെടുത്തത്. ചാലക്കുടി ഡിവൈ.എസ്.പിക്ക് നേരത്തേ നൽകിയ പരാതിയിൽ ഓൺലൈൻ ചാനലിലൂടെ വ്യക്തിപരമായി അപമാനിച്ചെന്ന് രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി തിരുവനന്തപുരത്തേക്ക് കൈമാറുകയായിരുന്നു. അഭിമുഖം നടത്തിയ യു ട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അധിക്ഷേപ പരാമർശത്തിൽ അന്വേഷണം നടത്തണമെന്ന് പട്ടികജാതി– പട്ടികവർഗ കമീഷൻ സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകിയിരുന്നു.