തിരുവനന്തപുരം:വോട്ടെടുപ്പ് ദിനം അടുത്തതോടെ പ്രചാരണത്തിന് വേഗം കൂട്ടി മുന്നണി സ്ഥാനാർത്ഥികൾ. ഇന്നലെ കവടിയാറിലെ ആദായ നികുതി ഓഫീസിലേക്ക് ഡി.സി.സി നടത്തിയ മാർച്ചിൽ പങ്കെടുത്തുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ പ്രചാരണം ആരംഭിച്ചത്.വൈകിട്ട് 5ന് യു.ഡി.എഫ് പാപ്പനംകോട് വാർഡ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തു. തുടർന്ന് കേശവദാസപുരം പള്ളിയിലും സത്യൻ മെമ്മോറിയൽ ഹാളിലും നന്ദാവനം മുസ്ളിം അസോസിയേഷൻ ഹാളിൽ രാഹുൽ ഗാന്ധി ഫൗണ്ടേഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്നുകളിലും പങ്കുകൊണ്ടു.രാത്രി 11ന് പാതിരാ കുർബാനയിലും തരൂർ പങ്കെടുത്തു.ഇന്ന് രാവിലെ പാറ്റൂർ മാർത്തോമ പള്ളിയിൽ ഈസ്റ്റർ പ്രാർത്ഥനയിൽ പങ്കെടുക്കും.തുടർന്ന് നെയ്യാറ്റിൻകര അമരവിള സി.എസ്.ഐ പള്ളി,മുട്ടയ്ക്കാട്,പുന്നക്കാമുഗൾ പള്ളി എന്നിവിടങ്ങളിലുമെത്തും.വൈകിട്ട് 6ന് പൂന്തുറ പള്ളി തിരുനാളിലും തരൂർ പങ്കെടുക്കും.
യു.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ഇന്നലെ പി.എൻ.പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു.പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നെയ്യാറ്റിൻകരയിലും അമ്പത്തലറയിലും പേട്ടയിലും നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും നെയ്യാറ്റിൻകര ആയയിൽ ക്ഷേത്ര ഉത്സവത്തിലും പന്ന്യൻ രവീന്ദ്രൻ പങ്കെടുത്തു.ഇന്ന് ഉച്ചയ്ക്ക് 12.30ന് പുലയനാർകോട്ട ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും.3 മുതൽ 7 വരെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലാണ് പ്രചാരണം.
നെയ്യാറ്റിൻകരയിലെ മുൻ സൈനിക കുടുംബാംഗങ്ങളെ സന്ദർശിച്ചു കൊണ്ടാണ് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ പ്രചാരണം ആരംഭിച്ചത്. ഉച്ചയ്ക്ക്12.30ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മാദ്ധ്യമ പ്രവർത്തകരെ കണ്ടു.1.30ന് മീറ്റ് ദ പീപ്പിൾ പരിപാടിയിലും പങ്കെടുത്തു.3ന് കരമനയിൽ ഓട്ടോ ഡ്രൈവർമാരുടെ (ബി.എം.എസ്) കൂട്ടായ്മയിൽ പങ്കുചേർന്നു. 3.30ന് പാറശാല മണ്ഡലത്തിൽ വോട്ടഭ്യർത്ഥിച്ചു.രാത്രി നായർ സഹോദര ജനറൽ ബോഡി യോഗത്തിലും പങ്കെടുത്തു.മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ എൻ.ഡി.എ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനായി ഇന്നലെ ചുമതലയേറ്റു.