തിരുവനന്തപുരം: ഈസ്റ്രർ ദിനമായിരുന്നതിനാൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന മുന്നണി സ്ഥാനാർത്ഥികൾ ക്രൈസ്തവ ദേവാലയങ്ങളിലാണ് ഇന്നലെ രാവിലെ ഏറെ സമയവും ചെലവിട്ടത്. യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂർ ചില ക്ഷേത്രങ്ങളിലുമെത്തി. ഇടത് സ്ഥാനാർത്ഥി പന്ന്യനാണെങ്കിൽ പുലയനാർകോട്ട വൃദ്ധസദനത്തിലായിരുന്നു ഉച്ചഭക്ഷണം. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും വിശ്വാസികൾക്കൊപ്പം ഈസ്റ്റർ ആഘോഷത്തിൽ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് പ്രചാരണ ചൂടൊന്നും പന്ന്യൻ രവീന്ദ്രന്റെ സിനിമാസ്വാദനത്തെ ബാധിക്കില്ല. ഫുട്ബാൾ പോലെ തന്നെ പന്ന്യന് സിനിമയും ഇഷ്ടമാണ്. പൃഥ്വിരാജ് നായകനായ 'ആടുജീവിതം'ശനിയാഴ്ച സെക്കൻഡ് ഷോ കൈരളി തിയേറ്ററിലാണ് അദ്ദേഹം കണ്ടത്. സിനിമയെക്കുറിച്ചുള്ള ഒരു ആസ്വാദനവും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഈസ്റ്റർ ദിനത്തിൽ പുലയനാർകോട്ട സർക്കാർ ഓൾഡേജ് ഹോമിലെ പ്രിയപ്പെട്ടവർക്കൊപ്പമായിരുന്നു പന്ന്യന്റെ ഉച്ചഭക്ഷണം. പന്ന്യന്റെ സുഹൃത്തുക്കളൊരുക്കിയ ഈസ്റ്റർ കൂട്ടായ്മയിലാണ് അദ്ദേഹം പങ്കെടുത്തത്. ഏറെ സമയം അവിടെ ചെലവഴിച്ചു. ഈസ്റ്റർ സന്ദേശവും നൽകിയാണ് മടങ്ങിയത്. രാവിലെ ജില്ലയിലെ ചുമട്ടുതൊഴിലാളികൾ നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു. ഉച്ചയ്‌ക്ക് ശേഷം വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു.

വിശ്വാസികൾക്ക് ഈസ്റ്രർ ആശംസിച്ച് വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കാനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂർ ഇന്നലെ രാവിലെ ഏറെ സമയവും ചെലവഴിച്ചത്. തുടർന്ന് ചില ക്ഷേത്രങ്ങളും സന്ദർശിച്ചു. പാറ്റൂർ സെന്റ് തോമസ് മാർത്തോമ സിറിയൻ ചർച്ചിൽ സ്ഥാനാർത്ഥിയെത്തുമ്പോൾ ഗവർണർ ആരിഫ് മുഹമ്മദ്ഖാനും അവിടെയുണ്ടായിരുന്നു. തുടർന്ന് അമരവിള സി.എസ്.ഐ ചർച്ച്, കോവളം മുട്ടക്കാട് സി.എസ്.ഐ ചർച്ച് എന്നിവിടങ്ങളിലും അദ്ദേഹം വിശ്വാസികളെ സന്ദർശിച്ചു. നീറമൺകര ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനെത്തിയ ഭക്തരെ തരൂർ സന്ദർശിച്ചു. കരുമം ചെറുകര ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിലും ശശിതരൂരെത്തി.

ഈസ്റ്രർ ദിനത്തിൽ ക്രൈസ്‌തവ ദേവാലയങ്ങൾ സന്ദർശിച്ചും വിശ്വാസികളെ നേരിൽക്കണ്ടുമാണ് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ ഉച്ചവരെ പ്രചാരണം കൊഴുപ്പിച്ചത്. പ്രത്യാശയുടെ സന്ദേശം പകർന്ന് ഉയിർപ്പിന്റെ ഓർമ്മ പുതുക്കി പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന പാതിര കുർബാനയിൽ അദ്ദേഹം പങ്കെടുത്തു. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റൊ ഉയിർപ്പ് ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. കുർബാനയിൽ പങ്കെടുത്ത വിശ്വാസികളെ സ്ഥാനാർത്ഥി നേരിൽക്കണ്ടു. പുലർച്ചെ പാളയം സെന്റ് ജോൺസ് ഓർഡോക്‌സ് കത്തീഡ്രലിലെ കുർബാനയിലും നേമം ഡി.എസ്.ഐ പള്ളിയിലെ ഞായറാഴ്ച കുർബാനയിലും പങ്കെടുത്തു. വേളി തെർമൊ പെൻപോൾ ജീവനക്കാരുടെ സ്‌നേഹാദരവും സ്ഥാനാർത്ഥി ഏറ്റുവാങ്ങി. വേളി ബി.എം.എസിന്റെ ടെർമൊ പെൻപോൾ എംപ്ലോയിസ് സംഘിന്റെ സ്‌നേഹക്കൂട്ടായ്മയിലായിരുന്നു സ്വീകരണം.