
കല്ലമ്പലം: കൂട്ടുകാരോടൊത്ത് പള്ളിക്കൽ പുഴയിൽ കുളിക്കാനിറങ്ങിയ ഡിഗ്രി വിദ്യാർത്ഥി മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ . നാവായിക്കുളം കപ്പാംവിള മുകളുംപുറം കുന്നുംപുറത്ത് വീട്ടിൽ വിജയകുമാറിന്റെയും ലേഖയുടെയും മകൻ വൈഷ്ണവ് (19) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. പള്ളിക്കൽ പുഴയിൽ കോടക്കയത്ത് വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ വൈഷ്ണവ് മുങ്ങി താഴുകയായിരുന്നു എന്നാണ് വിവരം. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ള സുഹൃത്തുക്കളുടെ നിരന്തരമുള്ള ഫോൺ വിളിയിലും പ്രേരണയിലുമാണ് മകൻ വീട്ടിൽ നിന്നു ഉച്ച കഴിഞ്ഞ് 3.30 ഓടെ പോയതെന്നും നീന്തൽ അറിയാത്ത മകൻ ഒരിക്കലും കുളത്തിലോ പുഴയിലോ കുളിക്കാനിറങ്ങില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
വൈഷ്ണവിന്റെ ബൈക്ക് സംഭവ സ്ഥലത്ത് നിന്ന് 750 മീറ്റർ അകലെ ടയറിന്റെ കാറ്റഴിച്ചുവിട്ട നിലയിൽ കണ്ടെത്തിയതും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ ദേഹത്തെ മുറിവും ഇവരുടെ പരസ്പര വിരുദ്ധമായ സംസാരവും ദുരൂഹത സൃഷ്ടിക്കുന്നതായി വിജയകുമാർ പള്ളിക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മകനോട് മുൻ വൈരാഗ്യമുള്ള സുഹൃത്തുക്കൾ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്നാണ് ബന്ധുക്കളുടെ സംശയം.
ഫോട്ടോ: വൈഷ്ണവ്