തിരുവനന്തപുരം:മാതൃഭാഷാ പഠനത്തിനായി രൂപീകരിച്ച മലയാളം പള്ളിക്കൂടത്തിന്റെ പത്താം വാർഷിക പരിപാടികളുടെ ഭാഗമായി പള്ളിക്കൂടത്തിലെ അദ്ധ്യാപകനും നാടകാചാര്യനുമായ വട്ടപ്പറമ്പിൽ പീതാംബരനെ ആദരിച്ചു. കോട്ടൺഹിൽ എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജിതേഷ് ദാമോദർ സംവിധാനം ചെയ്‌ത 'അക്ഷരപ്പറമ്പിൽ അപ്പൂപ്പൻ' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു. പള്ളിക്കൂടം അദ്ധ്യക്ഷൻ ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി,വട്ടപ്പറമ്പിൽ പീതാംബരൻ,ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം.സത്യൻ,മുൻ കൾച്ചറൽ അഡിഷണൽ സെക്രട്ടറി ഗീത,സെന്റ് ജോസഫ് സ്കൂൾ റിട്ട.പ്രിൻസിപ്പൽ ജോസ് സിറിയക്,നിയമ വകുപ്പ് മുൻ അഡിഷണൽ സെക്രട്ടറി എൻ.കേശവൻ നമ്പൂതിരി,പള്ളിക്കൂടം സെക്രട്ടറി ജെസി നാരായണൻ എന്നിവർ ചേർന്ന് പത്ത് ചെരാതുകൾ തെളിച്ചാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഒ.എൻ.വി. കുറുപ്പിന്റെ ഭാഷാഗാനം അപർണാ രാജീവ് ആലപിച്ചു. മുദ്രഭാഷയിലുള്ള 'മുദ്രനടനം' കാവ്യശില്പം സിൽവി മാക്സി മേന അവതരിപ്പിച്ചു. രാജി.എം.ആർ,പ്രൊഫ.എൻ.കെ.സുനിൽകുമാർ,ടി.കെ.സുജിത്ത്,അർച്ചന പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.