തിരുവനന്തപുരം: പ്രതിദിനം നൂറുകണക്കിന് സാധാരണക്കാർക്ക് ആശ്രയമാകുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയ നടക്കണമെങ്കിൽ സ്വകാര്യ ആശുപത്രികൾക്ക് സമാനമായി പണം കെട്ടിവയ്ക്കണം. അടുത്തിടെ ഇതു സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുമ്പോഴും സമാനമായ സ്ഥിതി ഇപ്പോഴും തുടരുകയാണ്.

കുറഞ്ഞത് 40,000 രൂപ കാത്ത് ലാബിൽ അടച്ചാൽ മാത്രമേ ഹൃദയാഘാതവുമായി എത്തുന്ന രോഗികളെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കൂ. അല്ലെങ്കിൽ മരുന്ന് നൽകി ചികിത്സിക്കും. ആൻജിയോപ്ലാസ്റ്റിയ്ക്കള്ള സ്റ്റെന്റിന്റെ വിലയാണ് മുൻകൂറായി വാങ്ങുന്നത്. ഒന്നിലധികം സ്റ്റെന്റ് ആവശ്യമുണ്ടെങ്കിൽ അതിനനുസരിച്ച് പണം കെട്ടിവയ്ക്കണം. ഇൻഷ്വറൻസ് പരിരക്ഷയുള്ളവരാണെങ്കിലും പണം അടയ്ക്കണം. ഇൻഷ്വറൻസിന്റെ രേഖകൾ സമർപ്പിക്കുന്ന മുറയ്ക്കേ പണം തിരികെ നൽകൂ. ഫലത്തിൽ അർദ്ധരാത്രി അത്യാസന്നനിലയിൽ എത്തുന്ന രോഗിക്ക് ആൻജിയോപ്ലാസ്റ്റി വേണമെങ്കിൽ കൈയിൽ പണം വേണമെന്ന അവസ്ഥ.

 മുൻകൂട്ടി പണമടയ്ക്കണം

തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ മാത്രമാണ് ഈ സംവിധാനം തുടരുന്നത്. ചില ഡോക്ടർമാരും ജീവനക്കാരും ഇതിനെതിരെ ശബ്ദമുയർത്തിയെങ്കിലും അതെല്ലാം ഒറ്റപ്പെട്ടതായി മാറി. സ്റ്റെന്റ് ഇടുന്ന രോഗി ഓപ്പറേഷൻ വേളയിലോ മറ്റോ മരണപ്പെട്ടാൽ പണം അടയ്ക്കാൻ ബന്ധുക്കൾ തയാറാകില്ല. ഇതോടെ സ്റ്റെന്റിന്റെ പണം അടയ്ക്കേണ്ടത് തങ്ങളുടെ ബാദ്ധ്യതയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരുവിഭാഗം ഡോക്ടർമാർ ഇത്തരത്തിൽ മൂൻകൂട്ടി പണം വാങ്ങുന്നത്. ഹോസ്‌പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയും (എച്ച്.ഡി.എസ്) കാർഡിയോളജി വിഭാഗവും മാത്രമാണ് ഇക്കാര്യങ്ങൾ നിയന്ത്രിക്കുന്നത്. രോഗിയെ പരിശോധിക്കുന്ന ഡോക്ടർ നിർദ്ദേശിക്കുന്ന തുക കാത്ത് ലാബിൽ അടയ്ക്കണം. ഇതിൽ നിന്ന് ഇൻഷ്വറൻസ് പരിരക്ഷയില്ലെന്ന് ഉറപ്പായാൽ ഓരോ രോഗിയിൽ നിന്നും വാങ്ങുന്ന തുകയിൽ നിന്ന് 11,000രൂപ പ്രൊസീജിയർ ചാർജ്ജായി എച്ച്.‌ഡി.എസിന്റെ അക്കൗണ്ടിലേക്ക് അടയ്ക്കണം. ബാക്കി തുക സ്റ്റെന്റിന്റെ തുകയായി കമ്പനിക്കും നൽകുന്നതാണ് രീതി. ഇത്തരത്തിൽ വാങ്ങുന്ന പണം കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച വ്യക്തമായ മാർഗരേഖയില്ല.

സ്റ്റെന്റ് വാങ്ങൽ തോന്നുംപടി

കാത്ത് ലാബിൽ കമ്പനികൾ നേരിട്ടെത്തി ഡോക്ടർമാരുമായി സംസാരിച്ച് സ്റ്റെന്റുകൾ ഇറക്കും. രോഗികളെത്തുമ്പോൾ ഡോക്ടർമാർ ഇഷ്ടമുള്ളത് ഉപയോഗിക്കും. തുടർന്ന് കമ്പനികൾക്ക് കാത്ത് ലാബ് ഓഫീസിൽ നിന്ന് നേരിട്ട് പണം നൽകും. മെഡിക്കൽ കോളേജിൽ ഔദ്യോഗിക സംവിധാനത്തിലൂടെയല്ല സ്റ്റെന്റ് വാങ്ങുന്നത്. വർഷങ്ങൾക്ക് മുമ്പ് മെഡിക്കൽ കോളേജിലെ ഔദ്യോഗിക സംവിധാനമായ പേയിംഗ് കൗണ്ടറിലൂടെ സ്റ്റെന്റ് വിതരണം ചെയ്തിരുന്നു. അങ്ങനെയെങ്കിൽ രോഗികൾ മുൻകൂർ പണം നൽകേണ്ടതില്ല. ശസ്ത്രക്രിയ സമയത്ത് സ്റ്റെന്റ് ഉപയോഗിച്ച ശേഷം ഡോക്ടറുടെ കുറിപ്പടി അനുസരിച്ച് രോഗിയുടെ ബന്ധുക്കൾ പേയിംഗ് കൗണ്ടറിൽ നിന്ന് സ്റ്റെന്റ് വാങ്ങി കാത്ത് ലാബിൽ നൽകണം. എന്നാൽ, പേയിംഗ് കൗണ്ടറിലെ സ്റ്റെന്റിന് നിലവാരമില്ലെന്നു പറഞ്ഞ് ഡോക്ടർമാർ കൈവശമുള്ള സ്റ്റെന്റുകൾ ഉപയോഗിച്ചു. അങ്ങനെ ആ സംവിധാനം അട്ടിമറിച്ചെന്നാണ് ആരോപണം.