
200 വീടുകളിൽ വെള്ളം കയറി ക്യാമ്പുകൾ തുറന്നു
തിരുവനന്തപുരം: ജില്ലയിലെ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ അപ്രതീക്ഷിത കടൽക്ഷോഭത്തിൽ ഞെട്ടി തീരദേശവാസികൾ. ഇന്നലെ ഉച്ചകഴിഞ്ഞാണ് കടലാക്രമണം രൂക്ഷമായത്. കരുംകുളം,അടിമലത്തുറ എന്നിവിടങ്ങളിലാണ് ആദ്യം കടലാക്രമണമുണ്ടായത്. അടിമലത്തുറ സെന്റ് ജോസഫ് എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
ചിറയിൻകീഴ് വരെയുള്ള തീരത്ത് വലിയ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറി. രാത്രി 7.30നാണ് ശംഖുംമുഖം തീരത്ത് കടലേറ്റമുണ്ടായത്.
പുത്തൻതോപ്പ്,അടിമലത്തുറ,പൊഴിയൂർ,പൂന്തുറ ഭാഗങ്ങളിൽ കടൽ കയറി. പ്രദേശത്തെ വീടുകളുടെ മുറ്റത്തും റോഡിലും വെള്ളക്കെട്ടുണ്ടായി. ഇവിടെയുണ്ടായിരുന്ന വള്ളങ്ങൾ കൂട്ടിയിടിച്ച് കേടുപാട് സംഭവിച്ചു. കോവളത്ത് ശക്തമായ തിരമാലയെ തുടർന്ന് കടലിൽ ഇറങ്ങുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. പൊഴിയൂരിൽ വെള്ളം കയറിയതോടെ പത്തോളം കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. ഇവിടത്തെ ഓഖി പാർക്കും തകർന്നു. കൊല്ലംകോട് നിന്ന് നീരോടിയിലേക്കുള്ള ഭാഗത്തെ 50 വീടുകളിൽ വെള്ളം കയറി. പൊഴിക്കരയിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. 200 വീടുകളിൽ വെള്ളം കയറിയെന്നാണ് വിവരം. 100ഓളം കുടുംബങ്ങൾ ക്യാമ്പുകളിലേക്ക് മാറി.
വിഴിഞ്ഞത്ത് ക്യാമ്പുകൾ തുറന്നു
വിഴിഞ്ഞം: വിഴിഞ്ഞത്ത് കരയിൽ കയറ്റി വച്ചിരുന്ന വള്ളം തകർന്ന് കടലിൽ മുങ്ങി. അടിമലത്തുറയിൽ നൂറിലധികം വീടുകളുടെ പരിസരത്ത് വെള്ളം കയറി. കടൽ കയറുന്നത് കണ്ട് തീരത്ത് കളികളിലേർപ്പെട്ടിരുന്ന കുട്ടികൾ ബഹളം വച്ചതോടെ മത്സ്യത്തൊഴിലാളികൾ വള്ളവും മത്സ്യബന്ധന ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
രാത്രി വൈകിയും പ്രദേശത്ത് വെള്ളം കയറി. കടൽത്തീരത്തോടു ചേർന്നുള്ള വീട്ടുകാർ ആശങ്കയിലാണ്. അടിമലത്തുറയിലെ തീരദേശ ബീച്ച് റോഡിൽ വെള്ളം കയറിയതിനാൽ വാഹന ഗതാഗതമുൾപ്പെടെ തടസപ്പെട്ടു. വിഴിഞ്ഞത്ത് പുതിയ വാർഫിൽ പുലിമുട്ടും സംരക്ഷണ ഭിത്തിയും കഴിഞ്ഞ് തിരകൾ അടിച്ചുകയറി. ശക്തമായ വേലിയേറ്റത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ ഇന്നലെ കടലിൽ പോയില്ല. ഈസ്റ്റർ ആയതിനാൽ ശനിയാഴ്ച തന്നെ എല്ലാ മത്സ്യത്തൊഴിലാളികളും മടങ്ങിയെത്തിയതിനാൽ കൂടുതൽ അപകടം ഒഴിവായി. വേലിയേറ്റത്തെ തുടർന്ന് കടൽ കയറിയ പ്രദേശങ്ങളിൽ റവന്യൂ അധികൃതർ സന്ദർശനം നടത്തി. എം.വിൻസന്റ് എം.എൽ.എ, എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ എന്നിവരും സ്ഥലം സന്ദർശിച്ചു.