തിരുവനന്തപുരം: സ്മാർട്ട് റോഡുകൾ പ്രഖ്യാപിച്ചതുപോലെ യഥാസമയം തുറന്ന് നൽകി വാക്കുപാലിച്ച് സർക്കാർ. ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കിയ സ്റ്റാച്യു - ജനറൽ ആശുപത്രി റോഡ് ഇന്ന് തുറക്കും. രാവിലെ 10ന് പരിശോധനകൾ നടത്തിയ ശേഷമാകും റോഡ് തുറക്കുന്നത്. ശനിയാഴ്ച രാത്രിയോടെ സ്റ്റാച്യു - ജനറൽ ആശുപത്രി റോഡിൽ ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കി. തലസ്ഥാനത്ത് ഗതാഗത യോഗ്യമാക്കുന്ന അഞ്ചാമത്തെ സ്മാർട്ട് റോഡാണിത്. സ്‌മാർട്ട് റോഡ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ കരാറുകാരൻ ഏറ്റെടുത്ത് ഉപേക്ഷിച്ച റോഡാണിത്. തുടർന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടർന്ന് പ്രത്യേക ടെൻഡറിലൂടെ പ്രവൃത്തി പുനഃരാരംഭിച്ചു. തുടർന്ന് ഡക്റ്റ് നിർമ്മിച്ച് കേബിളുകൾ എല്ലാം ഡക്റ്റിലൂടെ കടത്തിവിട്ടാണ് ടാറിംഗ് നടത്തിയത്. അവശേഷിക്കുന്ന അറ്റകുറ്റപണികൾക്ക് ശേഷം രണ്ടാംഘട്ട ടാറിംഗും നടത്തും. ജനറൽ ആശുപത്രിയിലേക്ക് നഗരത്തിൽ നിന്നും വേഗത്തിൽ എത്താനാകുന്ന റോഡാണിത്. റോഡിന്റെ ഇരുവശങ്ങളിലും നിരവധി വ്യാപാര സ്ഥാപനങ്ങളാണുള്ളത്. റോഡ് തുറക്കുന്നതോടെ ഇക്കൂട്ടർക്കും ഏറെ ആശ്വാസമാകും. 444 മീറ്റർ നീളമുള്ള റോഡിന്റെ നിർമാണച്ചെലവ് നാല് കോടിയാണ്.
ടാറിംഗ് ഇന്ന്
സ്‌മാർട്ട് സിറ്റി പദ്ധതിയിലെ മറ്റൊരു റോഡായ നോർക്ക - ഗാന്ധി ഭവൻ റോഡിൽ ഇന്ന് ടാറിംഗ് ആരംഭിക്കും. ഈ റോഡ് ചൊവ്വാഴ്ചയോടെ തുറന്നുകൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇവിടെയും കേബിളുകൾ ഡക്റ്റുകളിലൂടെ കടത്തിവിട്ട് റോഡ് ഫോർമേഷൻ പൂർത്തിയാക്കി.