
തിരുവനന്തപുരം:പ്രതിസന്ധിയിലും എല്ലാവർക്കും പണം ഉറപ്പാക്കാനായെന്നും മുൻവർഷത്തെ അപേക്ഷിച്ച് സാമ്പത്തികവർഷത്തെ അവസാന മാസം 4000 കോടിയുടെ അധികച്ചെലവു നടത്തിയാണ് ട്രഷറി ഇന്നലെ അടച്ചതെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ 22000 കോടിയിലാണ് ട്രഷറി ചെലവ് പൂർത്തിയാക്കിയത്. ഈ വർഷം അത് 26000കോടിയായി.തനത് വരുമാനത്തിൽ കൂടുതൽ വർദ്ധന കണ്ടെത്താനായതാണ് വായ്പകൾ തടസ്സപ്പെട്ടിട്ടും ചെലവുകൾ നടത്താൻ സഹായകരമായത്.
ഫെബ്രുവരി വരെ കേരളത്തിന്റെ നികുതി വരുമാനത്തിൽ 6620 കോടി രൂപയുടെ വർധനയുണ്ട്. നികുതിതേര വരുമാനത്തിലും 4274 കോടി രൂപ അധികമായി സമാഹരിച്ചു.അതേസമയം കേന്ദ്ര ഗ്രാന്റുകളിൽ 15,951 കോടി രൂപയുടെ കുറവുണ്ടായതായി.കഴിഞ്ഞവർഷം 24,639 കോടിയായിരുന്നു ഗ്രാൻഡ്.ഈ വർഷം അത് 8688 കോടിയായി കുറഞ്ഞു.വികസന, ക്ഷേമ ചെലവുകൾ കുറച്ചാൽ ഒരു ധനപ്രതിസന്ധിയുമില്ലാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകും. പല സംസ്ഥാനങ്ങളും പിന്തടരുന്ന ഈ രീതി സ്വീകാര്യമല്ലെന്നാണ് കേരളം പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനം സാമ്പത്തികമായി തകർന്നുപോകുമെന്നും ധനമാനേജുമെന്റ് മോശമാണെന്നും സംസ്ഥാനത്തെ പ്രതിപക്ഷവും ബിജെപി നേതാക്കളും പ്രചരിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് ഈ മികച്ച നേട്ടം കൈവരിക്കാനായത്.. ശമ്പളം, പെൻഷൻ, വായ്പാ തിരിച്ചടവ് ഉൾപ്പടെ എല്ലാം കൃത്യമായി നടത്തി. തടസ്സമില്ലാത്ത ട്രഷറി പ്രവർത്തനം ഉറപ്പാക്കി. ശമ്പളവും പെൻഷനും മുടങ്ങുമെന്ന പ്രചാരണങ്ങളെയെല്ലാം അതിജീവിക്കാനുമായി. ന്യായമായ ഒരു ചെലവിലും വെട്ടിക്കുറവുണ്ടായിട്ടില്ല. സംസ്ഥാനത്തിന് അർഹതപ്പെട്ടതും കേന്ദ്ര സർക്കാർ നിഷേധിച്ചതുമായ വായ്പാ അനുവദിക്കാനായി സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതിയിൽനിന്ന് അനുകൂല ഇടക്കാല ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ.