തിരുവനന്തപുരം: കൊടും വേനലിൽ നഗരത്തിലെ വാട്ടർ അതോറിട്ടിയുടെ അറ്റകുറ്റ പണി ജനങ്ങളുടെ വെള്ളംകുടി മുട്ടിച്ചു. മുട്ടടയിലും കുണ്ടമൺകടവിലും ജലവിതരണം നിറുത്തി ഒരേ സമയത്ത് പണി ആരംഭിച്ചതാണ് ജനത്തെ വലച്ചത്. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും മൂന്നുദിവസം വെള്ളം മുടങ്ങും. പകരം സംവിധാനമൊരുക്കാതെയുള്ള വാട്ടർ അതോറിട്ടിയുടെ പ്രവൃത്തി നിരുത്തരവാദിത്വപരമാണെന്നാണ് ജനങ്ങളുടെ പരാതി.

നാളെ രാത്രി തീരുമെന്ന് പ്രതീക്ഷ

അരുവിക്കരയിൽ നിന്ന് മൺവിളയിലേക്ക് പോകുന്ന പ്രധാന പൈപ്പ് ലൈനിൽ മുട്ടട ജംഗ്ഷനു സമീപവും കുണ്ടമൺകടവ് പമ്പ് ഹൗസിലുമാണ് അറ്റകുറ്റപണി നടത്തുന്നത്. മുട്ടടയിൽ നാളെ രാത്രിയോടെ ജോലികൾ പൂർത്തിയാകും. ഉയർന്ന സ്‌ഥലങ്ങളിൽ മറ്റന്നാൾ രാത്രി മുതലേ ജലവിതരണം സാധാരണ നിലയിൽ എത്തുള്ളുവെന്ന് ജലഅതോറിട്ടി അറിയിച്ചു. പണി കഴിഞ്ഞയുടൻ മർദ്ദം കൂട്ടി വെള്ളം പമ്പ് ചെയ്‌താൽ പെപ്പ് പൊട്ടാൻ സാദ്ധ്യതയുണ്ട്. ഒരാഴ്ചയ്ക്ക് മുൻപ് ശരിയാക്കിയ പൈപ്പിലാണ് ഇപ്പോൾ വീണ്ടും ചോർച്ചയുണ്ടായത്. കുണ്ടമൺകടവ് പമ്പ് ഹൗസിലെ പണി ഇന്ന് രാത്രിയോടെ പൂർത്തിയാകും. നാളെ വൈകിട്ടോടെ ജലവിതരണം പുനഃസ്ഥാപിക്കും.

ജലവിതരണം മുടങ്ങും

മുട്ടടയിലെ അറ്റകുറ്റപണിയുടെ ഭാഗമായി വാൽവ് അടയ്ക്കുമ്പോൾ മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്തനഗർ, ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ കുഴിവിള, മൺവിള, കുളത്തൂർ, ആറ്റിപ്ര, അരശുമ്മൂട്, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കുട്ടം, സി.ആർ.പി.എഫ്, ടെക്നോപാർക്, ആക്കുളം, തൃപാദപുരം, കിൻഫ്ര, പാങ്ങപ്പാറ, പൗഡിക്കോണം, കരിയം എന്നീ പ്രദേശങ്ങളിൽ നാളെ രാത്രി പത്ത് വരെ ജലവിതരണം പൂർണമായി മുടങ്ങും.

കുണ്ടമൺകടവിലെ അറ്റകുറ്റപണിയുട ഭാഗമായി തിരുമല, പി.ടി.പി നഗർ, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുഗൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവൻമുഗൾ, പൈ റോഡ്, നെടുംകാട്, കാലടി, മരുതൂർക്കടവ്, കൈമനം, കിള്ളിപ്പാലം, ബണ്ട്റോഡ് ആറന്നൂർ, പ്രേം നഗർ എന്നിവിടങ്ങളിലും ജലവിതരണം തടസപ്പെടും.