തിരുവനന്തപുരം: രാജ്യത്തിന് മികച്ച സമാന്തര സിനിമകൾ സംഭാവന ചെയ്ത വിഖ്യാത ചലച്ചിത്രകാരൻ കുമാർ സാഹ്നിയുടെ ഓർമ്മകളിൽ വിങ്ങിപ്പൊട്ടി ജീവിത പങ്കാളി റിംലി ഭട്ടാചാര്യ. മായാ ദർപൺ, ഖയാൽ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയ ചലച്ചിത്രങ്ങളൊരുക്കിയ സാഹ്നി ജീവിതത്തിന്റെ ഒടുവിലത്തെ ദിനങ്ങൾ കേരളത്തിൽ ചെലവഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന്. പ്രസംഗിക്കുന്നതിനിടെയാണ് റിംലിയുടെ മിഴികൾ നിറഞ്ഞതും വാക്കുകൾ മുറിഞ്ഞതും.ചലച്ചിത്രവികസന കോർപറേഷനും മീഡിയ ഡെവലപ്‌മെന്റ് ഫൗണ്ടേഷനും ചേർന്ന് ലെനിൻ സിനിമാസിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.

കേരളത്തിൽ ഏസ്തറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ കുമാർ സാഹ്നി പങ്കാളിയായിരുന്നുവെന്ന് മുൻ സാംസ്‌കാരിക മന്ത്രിയും സി.പി.എം പി.ബി അംഗവുമായ എം.എ. ബേബി പറഞ്ഞു. അന്നത് യാഥാർത്ഥ്യമാക്കാനായില്ല. അങ്ങനെയൊരു സ്ഥാപനം ആരംഭിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കലാഭവനിൽ നടന്ന വിവിധ സെഷനുകളിൽ അമൃത് ഗംഗാർ, ശശികുമാർ, സക്കറിയ, സദാനന്ദ് മേനോൻ, ഉദയൻ വാജ്‌പേയി, മായാദർപ്പണിൽ അഭിനയിച്ച പ്രഭ മഹാജൻ, സി. എസ് വെങ്കിടേശ്വരൻ, എം. ആർ. രാജൻ, സണ്ണി ജോസഫ്, കെ .ജി ജയൻ, വി .ശശികുമാർ എന്നിവരും സംസാരിച്ചു. എം .ആർ. രാജൻ സംവിധാനം ചെയ്ത 'വെൻ ദി ബേഡ് ബികംസ് എ വേവ് ' എന്ന ഡോക്യുമെന്ററിയുടെയും കുമാർ സാഹ്നി സംവിധാനം ചെയ്ത പ്രശസ്ത ചിത്രമായ ' ചാർ അദ്ധ്യായ്'യുടെ പ്രദർശനവും നടന്നു.
ഫെബ്രുവരി 24നാണ് സമാന്തര സിനിമയെന്ന സങ്കേതത്തെ ഇന്ത്യയിലെത്തിച്ച സത്യജിത്ത് റേയുടെയും ഋതിക് ഘട്ടകിന്റെയും മൃണാൾ സെന്നിന്റെയും തലമുറയിലെ അവസാന കണ്ണികളിലൊരാളായ കുമാർ സാഹ്നി 83-ാം വയസിൽ വിടപറഞ്ഞത്.