
നെടുമങ്ങാട് : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കളും കുടുംബാംഗങ്ങളും പ്രത്യക്ഷ സമരത്തിന്. മുഖ്യമന്ത്രി ചതിച്ചെന്നും നീതി കിട്ടുംവരെ ക്ലിഫ് ഹൗസിന് മുന്നിൽ കുടുംബസമേതം സമരം നടത്തുമെന്നും സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ സിദ്ധാർത്ഥിന്റെ 41 - ാം മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ജയപ്രകാശിന്റെ പ്രതികരണം. ''ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് സമരം തുടങ്ങാൻ വൈകുന്നത്. ഒരാഴ്ചയ്‌ക്കകം സമരം തുടങ്ങും. എം.എം.മണി ഒളിപ്പിച്ചിരിക്കുന്ന അക്ഷയ് എന്ന വിദ്യാർത്ഥിയെ എന്തിനാണ് പൊലീസ് സംരക്ഷിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. ആന്റി റാംഗിംഗ് സ്‌ക്വാഡ് കുറ്റക്കാരെന്ന് കണ്ടെത്തിയ പെൺകുട്ടികളെ ഉടൻ അറസ്റ്റ് ചെയ്യണം. എട്ട് മാസത്തോളം രാവിലെയും വൈകിട്ടും മകനെ പീഡിപ്പിച്ച എസ്.എഫ്.ഐ നേതാവിന്റെ പങ്ക് വെളിച്ചത്തു കൊണ്ടുവരണം.സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ ആഭ്യന്തര വകുപ്പിന്റെ കണ്ണിൽ പൊടിയിടൽ വിശ്വസനീയല്ല. ശരീരം മുറിവില്ലാതെ എങ്ങനെ ചതച്ച് റെഡിയാക്കാം എന്ന് പരിശീലനം ലഭിച്ച നക്സൽ തീവ്രവാദികളെ പോലെയാണ് എസ്.എഫ്.ഐ പ്രവർത്തകർ മകനെ ക്രൂരമായി പീഡിപ്പിച്ചത്. സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ തെറ്റായ റിപ്പോർട്ട് നൽകിയ ഡീനിനെതിരെ മൃഗസംരക്ഷണ വകുപ്പ് നടപടിയെടുത്തിട്ടില്ല.സി.ബി.ഐ അന്വേഷണം ആരംഭിക്കും മുൻപ് പൊലീസ് അന്വേഷണം നിറുത്തിയതും അന്വേഷിക്കണം. ആർഷോ പൂക്കോട് വരാറുണ്ടെന്ന് അക്ഷയ് പറഞ്ഞിട്ടുണ്ട്. കൊലപാതകം നടപ്പാക്കിയത് ആർഷോ ആയിരിക്കും. 8 മാസം പീഡിപ്പിച്ചിട്ടും അവിടെ താമസിക്കാറുളള ആർഷോ അറിയാതിരിക്കുമോയെന്ന് ജയപ്രകാശ് ചോദിച്ചു ".
പ്രതിപക്ഷ നേതാവിനെയും ഗവർണറെയും കേന്ദ്ര മന്ത്രിമാരെയും കേസിന്റെ സഹായത്തിനായി സന്ദർശിച്ചിട്ടുണ്ട്. കമ്മ്യുണിസ്റ്റുകാരെ മാത്രമാണ് സമീപിക്കാത്തതെന്നും ജയപ്രകാശ് പറഞ്ഞു.