general

ബാലരാമപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ മുന്നണികൾ പ്രചാരണ വേഗം കൂട്ടിക്കഴിഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലാണ് മൂന്ന് സ്ഥാനാർത്ഥികളുടെയും പര്യടനം പുരോഗമിക്കുന്നത്. കേന്ദ്രത്തിലും കേരളത്തിലും ആര് അധികാരത്തിൽ വരണമെന്നാണ് രാജീവ് ചന്ദ്രശേഖർ ജനങ്ങളോട് സംവദിക്കുന്നത്. പൊഴിയൂരിൽ എൻ.ഡി.എ കൺവെൻഷനിൽ അമ്പതിൽപ്പരം മത്സ്യത്തൊഴിലാളികളെ ബി.ജെ.പിയിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു. സി.പി.എമ്മും കോൺഗ്രസും ചേർന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പാടെ അവഗണിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 10 വർഷത്തെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന പദ്ധതികൾ എന്തൊക്കെയാണ്? ആർക്കൊക്കെയാണ് അതിന്റെ ആനുകൂല്യം കിട്ടുന്നതെന്ന് അറിയാമോ? അറിയില്ലെങ്കിൽ സ്ഥാനാർത്ഥിയെന്ന നിലയിൽ ‌ഞാൻ പറഞ്ഞുതരാമെന്ന് കൗതുകത്തോടെ വോട്ടർമാരെ അറിയിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറുടെ പര്യടനം. കേന്ദ്രത്തിൽ തിരുവനന്തപുരം പാർലമെന്റിൽ ബി.ജെ.പിയിൽ നിന്നും കേന്ദ്രമന്ത്രിയുണ്ടാകുമെന്ന പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. പര്യടനത്തിനിടയിൽ തീരദേശത്ത് വെള്ളം കയറിയ സ്ഥലങ്ങൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ സന്ദർശിച്ചു. മത്സ്യത്തൊഴിലാളികളേയും അവരുടെ വീടുകളും അദ്ദേഹം നേരിൽക്കണ്ടു. മത്സ്യത്തൊഴിലാളികൾക്കായി പുതിയ പദ്ധതി കൊണ്ടുവരുമെന്ന ആശയവും ജനങ്ങളുമായി പങ്കുവച്ചു. കടൽക്ഷോഭം ഇനിയും തുടർന്നാൽ ഉണ്ടാവേണ്ട മുൻകരുതലുകൾ ഉദ്യോഗസ്ഥവൃന്ദവുമായി ചർച്ച ചെയ്താണ് അദ്ദേഹം മടങ്ങിയത്. സി.പി.ഐ. സി.പി.എം നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രവർത്തകരെ ആവേശത്തിലാക്കിയാണ് തരൂരിന് ബാലരാമപുരത്ത് സ്വീകരണമൊരുക്കിയത്. യു.ഡി.എഫ് ബാലരാമപുരം നോർത്ത് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം തരൂർ ബാലരാമപുരത്ത് എത്തിയത്. പാർലമെന്റിൽ എം.പിയായത് മുതൽ ഈ കാലയളവുവരെ ജനങ്ങളോടൊപ്പമാണ് നിലകൊണ്ടത്. ജനങ്ങളുടെ പിന്തുണയിലാണ് തന്റെ യാത്രയെന്നും നുണപ്രചാരണത്തിലൂടെ വോട്ട് തട്ടാനുള്ള നീക്കമാണ് ബി.ജെ.പിയും എൽ.ഡി.എഫും ശ്രമിക്കുന്നതെന്നും തരൂർ പറഞ്ഞു. നോർത്ത് ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.