
നെടുമങ്ങാട് : ഉയിർപ്പിന്റെ ആഘോഷത്തിൽ പങ്കുചേർന്ന് പ്രമുഖ മുന്നണി സ്ഥാനാർത്ഥികൾ പ്രചാരണപ്പോരിൽ ഒപ്പത്തിനൊപ്പം. ക്രൈസ്തവ പുരോഹിതന്മാരെയും ഭക്തജനങ്ങളെയും സന്ദർശിച്ച് വോട്ടർഭ്യർത്ഥിച്ച സ്ഥാനാർത്ഥികൾ വീടുകളിലെത്തി ഈസ്റ്റർ ആഘോഷത്തിലും പങ്കുചേർന്നു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി സ്വീകരണ പര്യടനത്തിന് അവധി നൽകി ചിറയിൻകീഴ്,ആറ്റിങ്ങൽ പ്രദേശങ്ങളിൽ സ്‌പെഷ്യൽ വിസിറ്റ് നടത്തി. ആറ്റിങ്ങൽ,നെടുമങ്ങാട് നിയോജകമണ്ഡലങ്ങളിൽ സ്വീകരണ പര്യടനം പൂർത്തിയാക്കിയ ജോയി ഇന്ന് വർക്കല മണ്ഡലത്തിൽ സ്വീകരണത്തിനെത്തും. നാലിന് നാമനിർദേശ പത്രിക സമർപ്പിക്കാനാണ് തീരുമാനം.
യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ഇന്നലെ ഉച്ചവരെ കിളിമാനൂർ,കാരേറ്റ് പ്രദേശങ്ങളിലും ഉച്ചകഴിഞ്ഞ് മണമ്പൂർ,ചെറുന്നിയൂർ ഭാഗങ്ങളിലും കവല സന്ദർശനം നടത്തി. കരവാരം,പെരിങ്ങമ്മല മണ്ഡലം കൺവെഷനുകളിൽ പങ്കെടുത്തു. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഇന്ന് ശാർക്കരയിൽ സന്ദർശനം തുടരും. 7ന് വാമനപുരം ബ്ലോക്കിൽ സ്വീകരണ പര്യടനത്തിന് തുടക്കമാവും.ഇന്ന് രാവിലെ ശാർക്കരയിലും വൈകിട്ട് ചെമ്പൂർ,അയിലം,ചെക്കാലവിളാകം,അഞ്ചുതെങ്ങ്,മണനാക്ക് പള്ളി എന്നിവിടങ്ങളും സന്ദർശിക്കും.
രാവിലെ എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എസ്. നാരായണൻ നായരുമായി വി.മുരളീധരൻ കൂടിക്കാഴ്ച നടത്തി. വലിയറത്തല ജ്യൂസ് ഫാക്ടറി ഉടമയെയും ജീവനക്കാരെയും നേരിൽ കണ്ടു. ബി.എം.എസ് ജില്ലാ സമ്മേളനത്തിലും പങ്കെടുത്തു. വിളപ്പിൽ ചെറുകോട് കോളനിയിലും വലിയറത്തല വലയവിള കോളനിയിയിലും സന്ദർശനം നടത്തി. കുടിവെള്ളമടക്കം അടിസ്ഥാന സൗകര്യങ്ങളുടെ ഇല്ലായ്മ കോളനിവാസികൾ സ്ഥാനാർത്ഥിയുടെ ശ്രദ്ധയിൽപ്പെടുത്തി. നെട്ടയിൽ മണക്കോട് ശ്രീഭദ്രകാളി ക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത് ഭക്തജനങ്ങളോട് വോട്ടഭ്യർത്ഥിച്ച അദ്ദേഹം,കല്ലയത്ത് തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്‌ഘാടനത്തിലും കിളിമാനൂർ, നെടുമങ്ങാട് എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു. എൻ.ഡി.എയുടെ ലോക്‌സഭാ മണ്ഡലം സ്വീകരണ പര്യടനം 5ന് കാട്ടാക്കട മണ്ഡലത്തിൽ തുടക്കമാവും.