വൈത്തിരി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി കെ.എസ് സിദ്ധാർത്ഥിന്റെ മരണത്തെച്ചൊല്ലി പ്രതിഷേധം ശക്തം. പ്രതിപക്ഷ യുവജന, വിദ്യാർത്ഥി സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം അലയടിച്ചു. ഇന്നലെ യൂത്ത് കോൺഗ്രസും ബി.ജെ.പിയും സർവകലാശാലയിലേക്ക് മാർച്ച് നടത്തി. സമരം തടയാനായി പൊലീസിന്റെ വൻസന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. രണ്ട് സമരങ്ങളിലും സംഘർഷമുണ്ടായി. എ.ബി.വി.പി ഉപവാസവും കെ.എസ്,യു റിലേ നിരാഹാര സമരവും പ്രവേശന കവാടത്തിൽ തുടരുകയാണ്. ഇന്ന് കോൺഗ്രസും കോളേജിലേക്ക് മാർച്ച് നടത്തും. കെ.എസ്,യു സംസ്ഥാന കമ്മിറ്റി, യൂത്ത് ലീഗ്, യുവമോർച്ച തുടങ്ങിയ സംഘടനകൾ വരും ദിവസങ്ങളിൽ കോളേജിലേക്ക് മാർച്ച് നടത്തും.
വൈത്തിരി : സിദ്ധാർത്ഥന്റെ മരണത്തിൽ മുഴുവൻ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൂക്കോട് വെറ്റിനറി സർവകലാശാലയിലേക്ക് നടത്തിയ മാർച്ചൽ സംഘർഷം.
തളിപ്പുഴയിൽ നിന്നും പ്രകടനമായി എത്തിയാണ് കോളേജിന്റെ രണ്ടാം ഗേറ്റിലേക്ക് മാർച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡ് തീർത്ത് സമരം തടഞ്ഞു. എന്നാൽ പ്രവർത്തകർ ബാരിക്കേഡിനോട് ചേർന്നുള്ള മതിൽ ചാടി ഉള്ളിലേക്ക് പ്രവേശിച്ചു. ഇത് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലിന് കാരണമായി.
പൊലീസിൽ നിന്നും ലത്തിയും ഷീൽഡും പ്രവർത്തകരിൽ ചിലർ പിടിച്ചെടുത്തത് പ്രകോപനത്തിന് കാരണമായി. ഇത് ഏറെനേരം പൊലീസും പ്രവർത്തകരും തമ്മിൽ പിടിവലിക്ക് കാരണമാവുകയും ചെയ്തു. നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു.
എസ്എഫ്.ഐ പൂക്കോട് വെറ്റിനറി സർവകലാശാലയെ ക്രിമിനൽ സങ്കേതമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളം ലജ്ജിച്ചു തല താഴ്ത്തുന്ന തരത്തിൽ ക്രൂരമായ സംഭവമാണ് അരങ്ങേറിയത്.
പഠിക്കാൻ മിടുക്കനായ ഒരു വിദ്യാർത്ഥിയെ ദിവസങ്ങളോളം പട്ടിണിക്കിട്ട് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. എന്ത് തെറ്റാണ് ആ വിദ്യാർത്ഥി എസ്എഫ്.ഐക്കാരോട് ചെയ്തതെന്ന് ഇനിയെങ്കിലും തുറന്നുപറയാൻ തയ്യാറാകണമെന്ന് വിനയൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽജോയിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. സംസ്ഥാന ജനറൽ സെക്രട്ടറി അരുൺദേവ് ,സി.എം ലെനീഷ്, ലയണൽ മാത്യു, കെ.നിത തുടങ്ങിയവർ പ്രസംഗിച്ചു.
ബി.ജെ.പി മാർച്ചിൽ
സംഘർഷം
വൈത്തിരി : പൂക്കോട് വെറ്റിനറി സർവകലാശാലയിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാല രണ്ടാം ഗേറ്റിൽ സമരം പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ സർവകലാശാലയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു.
പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രവർത്തകരെ നിയന്ത്രിച്ചത്. ബി.ജെ.പി ഉത്തരമേഖലാ പ്രസിഡന്റ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിദ്ധാർത്ഥിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഈ അടുത്തിടെ കണ്ട ഏറ്റവും ക്രൂരമായ ഒരു സംഭവമാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നടന്നത്. സി.പി.എമ്മിന് പോലും നിയന്ത്രിക്കാൻ പറ്റാത്ത ക്രിമിനൽ സംഘമായി എസ്എഫ്ഐ മാറിയെന്നും അദ്ദേഹം പറഞ്ഞു.
വൈത്തിരി : സിദ്ധാർത്ഥിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ശ്രമം നടത്തിയെന്ന് ബി.ജെ.പി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ആരോപിച്ചു. ഹോസ്റ്റൽ വാർഡനെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് അട്ടിമറിക്കാനുള്ള നിർദ്ദേശം നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം സുബീഷ് തുടങ്ങിയവർ പ്രസംഗിച്ചു.