chennithala
chennithala

വൈത്തിരി : സിദ്ധാർത്ഥിന്റെ മരണത്തിൽ കുറ്റക്കാരായ മുഴുവൻ ആളുകളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൂക്കോട് വെറ്ററിനറി കോളേജിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിലേക്ക് മാർച്ച് നടത്തിയത്. കോളേജിന്റെ രണ്ടാം ഗേറ്റിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാനും പ്രവർത്തകർ ശ്രമിച്ചു. മതിൽ ചാടി കടക്കാനും പ്രവർത്തകർ ശ്രമം നടത്തി. ചെക്കിംഗ് കൗണ്ടറിന്റെ ഷീറ്റിനു മുകളിൽ വരെ പ്രവർത്തകർ കയറി മുദ്രാവാക്യം മുഴക്കി. മതിൽ ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യാർ പൊലീസുമായി തർക്കിച്ചു.
സർവകലാശാല സുരക്ഷാ ജീവനക്കാരൻ സമരക്കാരുടെ വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് തുടക്കമിട്ടത്. അമ്പതോളം പ്രവർത്തകർ സർവകലാശാലയിലേക്കുള്ള മറ്റൊരു ചെറിയ ഗേറ്റ് ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ചു. വനിത പ്രവർത്തക ഉൾപ്പെടെ ചാടിക്കടന്നതോടെ സമരക്കാരെ തടയാനായില്ല.

800 മീറ്റർ അകലെയുള്ള ഓഫീസിലേക്ക് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി നീങ്ങിയതോടെ പൊലീസ് പ്രവർത്തകരെ തടഞ്ഞു. കെ.എസ്.യു ജില്ലാ ഉപാദ്ധ്യക്ഷ മെൻ എലിസബത്തിന് പരിക്കേറ്റു. ആംബുലൻസ് എത്തിച്ച് മെൻ എലിസബത്തിനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല.

തുടർന്ന് മാദ്ധ്യമ സ്ഥാപനത്തിന്റെ കാറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിന്നീട് സമരക്കാർ ഡീനിന്റെ ഓഫീസിലേക്ക് നീങ്ങി. ചിത്രീകരിക്കാൻ ശ്രമിച്ച സർവകലാശാലയുടെ ഫോട്ടോഗ്രാഫർക്ക് മർദ്ദനമേറ്റു. ഇയാളുടെ ക്യാമറയും എറിഞ്ഞു തകർത്തു. ഇതേ തുടർന്നാണ് പൊലീസ് ലാത്തിവീശിയത്. ലാത്തിവീശലിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
സിദ്ധാർത്ഥിന് ക്രൂരമായി മർദ്ദനമേറ്റ ആൺകുട്ടികളുടെ ഹോസ്റ്റലിൽ യു.ഡി.എഫ് നേതാക്കൾ സന്ദർശനം നടത്തി.