sinoj

വൈത്തിരി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് എസ്.എഫ്.ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനത്തെത്തുടർന്ന് മരിച്ച സംഭവത്തിൽ കൊലപാതക സാദ്ധ്യത പരിശോധിക്കണമെന്ന് പൊലീസ് കല്പറ്റ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.

സിദ്ധാർത്ഥിനു നേരെയുണ്ടായത് കൊടുംക്രൂരതയാണ്. കോളേജ് ഹോസ്റ്റലിൽ ഒരുകൂട്ടം വിദ്യാർത്ഥികൾ നടപ്പാക്കിവരുന്ന അലിഖിത നിയമമനുസരിച്ചായിരുന്നു വിചാരണയും ക്രൂരമർദ്ദനവും. ഒരു പെൺകുട്ടി പരാതി നൽകിയിട്ടുണ്ടെന്നും അത് ഒത്തുതീർപ്പാക്കാമെന്നും പറഞ്ഞാണ് വീട്ടിലേക്ക് തിരിച്ച സിദ്ധാർത്ഥിനെ വിളിച്ചുവരുത്തിയത്. നിയമനടപടിയുമായി മുന്നോട്ടു പോയാൽ പൊലീസ് കേസാകുമെന്നും ഭീഷണിപ്പെടുത്തി. പ്രതികളിലൊരാളായ രഹാന്റെ ഫോണിൽ നിന്ന് മറ്റൊരു പ്രതി ഡാനിഷാണ് സിദ്ധാർത്ഥിനെ വിളിച്ചത്.

ഫെബ്രുവരി 16ന് രാവിലെ കോളേജിൽ തിരിച്ചെത്തിയ സിദ്ധാ‌ർത്ഥിനെ പ്രതികൾ പുറത്തുവിടാതെ തടഞ്ഞുവച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് രാത്രി ഒമ്പത് മുതൽ പ്രാകൃതരീതിയിൽ മർദ്ദനം തുടങ്ങി. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ച് ബെൽറ്റ്, കേബിൾ, വയർ എന്നിവ ഉപയോഗിച്ച് അടിച്ചു. കാൽകൊണ്ട് തൊഴിച്ചു. പുലർച്ചെ രണ്ടുവരെ മർദ്ദനം തുടർന്നു. 18നാണ് സിദ്ധാർത്ഥിനെ ഹോസ്റ്റൽ മുറിയിലെ ടോയ്ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഇതുവരെ 18 പ്രതികളാണ് അറസ്റ്റിലായത്.

മുഖ്യപ്രതിയുമായി തെളിവെടുപ്പ്,

ആയുധമടക്കം കണ്ടെടുത്തു

1.അറസ്റ്റിലായ മുഖ്യപ്രതി സിൻജോ ജോൺസനെ കോളേജ് ഹോസ്റ്റലിലടക്കം എത്തിച്ച് തെളിവെടുത്തു

2.സിദ്ധാർത്ഥിനെ മരിച്ചനിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ മുറിയിലെ ടോയ്ലെറ്ര്, കിടപ്പുമുറി, കേസിലെ പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായ അമൽ ഇസ്ഹാക്കിന്റെ മുറി, സിൻജോയുടെ മുറി തുടങ്ങിയ ഇടങ്ങളിലായിരുന്നു തെളിവെടുപ്പ്

3.മർദ്ദിക്കാൻ ഉപയോഗിച്ച വയർ, ആക്രമണത്തിന് ഉപയോഗിച്ച ഗ്ളൂ ഗൺ, ആയുധം, ചെരുപ്പ് എന്നിവ കണ്ടെടുത്തു.

4.ഫെബ്രുവരി 15 മുതൽ 18വരെ നടന്ന സംഭവങ്ങൾ സിൻജോയോട് ചോദിച്ചറിഞ്ഞു

5.കൽപ്പറ്റ ഡിവൈ.എസ്.പി ടി.എൻ.സജീവന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് നാലിനാരംഭിച്ച തെളിവെടുപ്പ് ഒന്നരമണിക്കൂർ നീണ്ടു

മൃതദേഹത്തിൽ അടിവസ്ത്രം

മാത്രം, ചിത്രം പുറത്ത്

കോളേജ് ഹോസ്റ്റലിലെ ടോയ്ലെറ്റിൽ സിദ്ധാർത്ഥ് തൂങ്ങി മരിച്ചു നിൽക്കുന്ന ചിത്രം പുറത്തുവന്നു. സുഹൃത്തുക്കൾ ആരോ പകർത്തിയ ചിത്രമാണിത്. ടോയ്ലെറ്റിലെ വെന്റിലേഷനിലെ കമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം. അടിവസ്ത്രം മാത്രമാണ് മൃതദേഹത്തിലുള്ളത്. പൊലീസ് എത്തുന്നതിനു മുമ്പ് മർദ്ദക സംഘത്തിലുണ്ടായിരുന്ന ചിലർ മൃതദേഹം വെന്റിലേഷനിൽ നിന്നഴിച്ച് താഴെ കിടത്തിയിരുന്നു.

''സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ, അസി. വാർഡൻ എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകി. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചു. കോളേജ് ഹോസ്റ്റലിൽ സി.സി ടിവി ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും

-മന്ത്രി ജെ.ചിഞ്ചുറാണി