one


വൈത്തിരി: സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്ററിനറി കോളേജിലേക്ക് എം.എസ്.എഫ്, കെ.എസ്.യു സംഘടനകൾ വെവ്വേറെ നടത്തിയ മാർച്ചിൽ സംഘർഷം. കെ.എസ്.യു മാർച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പരിക്കേറ്റവരെ കൽപ്പറ്റയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദ്യ മാർച്ച്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡിന്റെ ഒരു ഭാഗം പ്രവർത്തകർ തള്ളിമാറ്റി. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു.

കെ.എസ്.യു നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. 5പേർക്ക് പരിക്കേറ്റു. ചിതറി ഓടിയ പ്രവർത്തകർ വീണ്ടും എത്തിയതോടെ പൊലീസ് ലാത്തിവീശി. അതിനിടെ മതിൽ ചാടിക്കടന്ന് സർവകലാശാല മുറ്റത്തെത്തിയ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഇവിടെയും പൊലീസ് ലാത്തി വീശി. പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.