
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണത്തിൽ സർവകലാശാല ഡീൻ ഡോ. എം.കെ.നാരായണനേയും അസിസ്റ്റന്റ് വാർഡൻ ( ട്യൂട്ടർ ) ഡോ.ആർ. കാന്താനാഥനേയെും വൈസ് ചാൻസലർ ഡോ. പി.സി. ശശീന്ദ്രൻ സസ്‌പെൻഡ് ചെയ്തു. ഇരുവരും നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും സിദ്ധാർത്ഥിന്റെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ടുവെന്നുമായിരുന്നു ഡീൻ എം.കെ നാരായണന്റെ വിശദീകരണം. പോസ്റ്റ്‌മോർട്ടമടക്കമുള്ള നപടികൾക്ക് നേരിട്ടു പോയെന്നും പറയുന്നു. ഇരുവരും ജോലിയിൽ തുടർന്നാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഹോസ്റ്റലിൽ നടന്ന സംഭവം അറിയില്ലെന്ന് പറയുന്നത് ഗുരുതര വീഴ്ചയാണെന്നും വ്യക്തമാക്കിയാണ് സസ്പെഷൻ. സസ്പെൻഷനെ സ്വാഗതം ചെയ്ത സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് ഡീനിനെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതി ചേർത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും പറഞ്ഞു.