
?അമ്മ എന്ന വിചാരത്തെക്കുറിച്ച്
അതെ, ഞാനും ഒരു അമ്മയാണ്. എന്നുകരുതി വീട്ടിൽ ഒതുങ്ങാനായിരുന്നില്ല തീരുമാനം. മകൾ അപരാജിത രാജ ജനിച്ച് അഞ്ചു വർഷക്കാലം മാത്രമാണ് പൊതുപ്രവർത്തനത്തിൽ നിന്നുമാറി നിന്നത്. വീട്ടുജോലിക്കാരിയെ വച്ച് കുടുംബജീവിതം മുന്നോട്ട് നയിക്കാനുള്ള സാമ്പത്തിക അവസ്ഥയായിരുന്നില്ല ഞങ്ങളുടേത്. പാർട്ടി തരുന്ന 1,500 രൂപ അലവൻസിൽ എന്തൊക്കെ ചെയ്യും? അതുകൊണ്ട് മകളെ നോക്കാൻ കുറച്ചുകാലം വീട്ടിൽ നിൽക്കേണ്ടി വന്നു. ജീവിക്കാനായി ജോലിക്കും പോയി. ഒഴിവു കിട്ടുമ്പോൾ പാർട്ടി ഓഫീസിലേക്ക് ഓടിപ്പോകും.
?കുടുംബത്തിന്റെ പിന്തുണ
13-ാം വയസിലാണ് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷനിൽ ചേർന്നത്. അന്നുമുതൽ കുടുംബത്തിൽ നിന്നു പൂർണ പിന്തുണ ലഭിച്ചു. 1964 മെയ് 25നു കണ്ണൂർ ആറളത്താണ് ജനനം. 1990 ജനുവരി 7നായിരുന്നു വിവാഹം. ആനിയമ്മ.കെ.ടി അങ്ങനെ ആനിരാജയായി. രാജ സഖാവിൽ നിന്നും എല്ലാ പിന്തുണയും ഉണ്ടായി. അതുകൊണ്ടാണ് ഇവിടെവരെ എത്താനായത്. 1994ൽ ഡി.രാജ സി.പി.ഐ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നതോടെ എനിക്ക് ഡൽഹി കേന്ദ്രീകരിച്ച് മുഴുവൻ സമയ പ്രവർത്തകയായി മാറി.
?വീട്ടിൽ എങ്ങനെയാണ്
രാജ സഖാവിനു ഇന്നതു വേണം വേണ്ട എന്നില്ല. കഴിച്ച പാത്രം കഴുകാൻ പോലും ചിലപ്പോൾ എനിക്ക് സമയം കിട്ടാറില്ല. രാജ സഖാവ് അതു കഴുകാറുണ്ട്. തിരക്കനുസരിച്ച് അഡ്ജസ്റ്റ് ചെയ്ത് ജീവിച്ച് പഠിച്ചവരാണ് ഞങ്ങൾ. അതുപോലെ തന്നെയാണ് മകളും. രാജ സഖാവും ഭക്ഷണം വയ്ക്കാറുണ്ട്. ഞങ്ങൾ വീട്ടിൽ നിന്നാണ് സമത്വം തുടങ്ങിയത്.
?വനിത ദിനത്തെക്കുറിച്ച്
സ്ത്രീക്ക് എവിടെയാണ് ഇന്ന് സ്വാതന്ത്ര്യം. മോദി സർക്കാരിൽ നിന്നു അതു പ്രതീക്ഷിക്കുന്നില്ല. ഒരു നുണ നൂറുതവണ ആവർത്തിക്കുന്നു. രാജ്യത്ത് അതിക്രമം വർദ്ധിച്ചു. തൊഴിലിൽ പിന്തള്ളപ്പെടുന്നു. സ്ത്രീക്ക് സ്വാതന്ത്ര്യം വേണം. വനിത ദിനം പൊതു അവധിയാക്കണമെന്നാണ് ഞങ്ങളുടെ നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വുമണിന്റെ ആവശ്യം. ഈ ദിനത്തിൽ മുഴുവൻ സ്ത്രീകൾക്കും എന്റെ അഭിവാദ്യങ്ങൾ.