sidhu

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി നസീഫ് (22),ആലപ്പുഴ സ്വദേശി അഭി(23) എന്നിവർ കൂടി അറസ്റ്റിലായി. ഇതോടെ പിടിയിലായ വിദ്യാർത്ഥികൾ 20 ആയി. മർദ്ദനത്തിലും ഗൂഢാലോചനയിലും പങ്കാളികളാണ് ഇവരും.
സി.ബി.ഐ എത്തുംമുമ്പ് നിലവിലെ അന്വേഷണം പൂർത്തിയാക്കാനാണ് പൊലീസിന്റെ തീരുമാനം.

റിമാൻഡിലുള്ള സിൻജോ ,കാശിനാഥൻ, അമീൻ അക്ബറലി ,അരുൺ,അമൽ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യൽ പൂർത്തിയാക്കും. ഇതിനായി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. ക്രൂരമായി മർദ്ദിച്ചത് ഇവരാണെന്നാണ് പൊലീസ് കരുതുന്നത്. മർദ്ദിക്കുന്നത് നേരിൽ കണ്ടു എന്ന് സഹപാഠി അക്ഷയ് മൊഴി നൽകി.എസ്.എഫ്.ഐ ഭാരവാഹികൂടിയായ അക്ഷയ്‌ക്കെതിരെ സിദ്ധാർത്ഥിന്റെ കുടുംബം രംഗത്ത് വന്നിരുന്നു
ഇടുക്കി സ്വദേശിയാണ് അക്ഷയ്. വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. മർദ്ദന ദൃശ്യങ്ങൾ കണ്ടെത്താൻ പ്രതികളുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.