മാനന്തവാടി: വയനാടൻ ജനതക്കൊപ്പം രാപ്പകൽ താൻ കൂടെയുണ്ടാകുമെന്ന് വയനാട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനി രാജ പറഞ്ഞു. എൽ.ഡി.എഫ് മാനന്തവാടി മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആനി രാജ. വന്യമൃഗശല്യമുൾപ്പെടെ വയനാടിനെ ബാധിക്കുന്ന പ്രശ്ന പരിഹാരത്തിന് മുന്നിൽ നിൽക്കും. വയനാടിന്റെ മണ്ണും, മനസും അറിഞ്ഞവളാണ് താൻ.
കേസും കോടതിയും ജയിലും കാട്ടിയാണ് കേന്ദ്ര സർക്കാർ ഭയപ്പെടുത്തുന്നത്. സംഘപരിവാരം നാടിനെ വലിഞ്ഞ് മുറുക്കുകയാണ്. ബി.ജെ.പി പാളയത്തിൽ അഭയം തേടുന്ന ആളുകളായി കോൺഗ്രസ് നേതാക്കൾ മാറിയെന്നും രാജ്യത്തിന്റെ സമരഭൂമികയിൽ ഇനിയും നിരന്തരം പോരാടുമെന്നും ആനി രാജ പറഞ്ഞു.
ആനിരാജയുടെ അനുഭവ സമ്പത്ത് കരുത്താകും: ചെറുവയൽ രാമൻ
മാനന്തവാടി: എൽ.ഡി.എഫ് സ്ഥാനാർത്ഥി ആനിരാജയുടെ അനുഭവ സമ്പത്തും സമരചരിത്രവും എൽ.ഡി.എഫിന് മേൽക്കോയ്മ നൽകുന്നുവെന്നും ആനിരാജയുടെ ശബ്ദം പാർലമെന്റിൽ ഉയരേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്നും പത്മശ്രീ ചെറുവയൽ രാമൻ പറഞ്ഞു. രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് നിരന്തരം സമരമുഖത്തുയുള്ളയാളാണ് ആനിരാജ. എല്ലാവരും വർഗ്ഗീയതക്കെതിരായി ഒന്നിച്ച് പോരാടേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് മാനന്തവാടി മണ്ഡലം കൺവെൻഷനിൽ പങ്കെടുത്താണ് ചെറുവയൽ രാമൻ മടങ്ങിയത്.