
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അമ്മാവൻ ഷിബുവും സിദ്ധാർത്ഥിന്റെ മൃതദേഹം ഏറ്റുവാങ്ങിയ മറ്റ് കുടുംബാംഗങ്ങളുമാണ് കൽപ്പറ്റ ഡിവൈ.എസ്.പിക്ക് മുമ്പാകെ മൊഴി നൽകിയത്. മരണാനന്തര ചടങ്ങ് പൂർത്തിയാവാത്തതിനാൽ സിദ്ധാർത്ഥിന്റെ അച്ഛനും അമ്മയും എത്തിയില്ല.
സിദ്ധാർത്ഥിന്റെ മരണം കൊലപാതകമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അതേക്കുറിച്ച് പൊലീസിന് മൊഴി നൽകിയെന്നും ഷിബു പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള സാദ്ധ്യതയും തങ്ങളുടെ ആശങ്കയും പങ്കുവച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
സംഭവത്തിൽ പങ്കാളികളായ പ്രതികളെ ഇനിയും പിടികൂടാനുണ്ട്. സിദ്ധാർത്ഥിന്റെ ഉറ്റ സുഹൃത്തും സഹപാഠിയുമായ അക്ഷയ്‌യെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റു ചെയ്തിട്ടില്ല. അക്ഷയ് കൊലപാതകികൾക്ക് കൂട്ടുനിന്നു. കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചത് അക്ഷയ് ആണ്.
ഫെബ്രുവരി 16 മുതൽ അക്ഷയ് തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഫോണിൽ ബന്ധപ്പെടുമ്പോഴൊക്കെ പലപ്പോഴും അക്ഷയ് ആണ് ഫോൺ എടുത്തിരുന്നത്. മറ്റു കാര്യങ്ങൾ പറഞ്ഞ് ശ്രദ്ധ തിരിച്ചു.
സിദ്ധാർത്ഥിന്റെ ഏറ്റവും അടുത്ത സുഹൃത്തായിട്ടു പോലും അക്ഷയ് ഇങ്ങനെ പെരുമാറുകയായിരുന്നു. അതിനാൽ അക്ഷയ്‌യെ പ്രതിചേർക്കണം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ഉടൻ അത് പ്രഖ്യാപിച്ച മുഖ്യമന്ത്രിയോട് നന്ദിയുണ്ട്. കേസിന്റെ ഗൗരവം മുഖ്യമന്ത്രിക്ക് മനസിലായതിനാലാണ് അദ്ദേഹം പെട്ടെന്ന് ഇടപെട്ടത്. നിലവിലെ അന്വേഷണം തൃപ്തികരമാണ്. എന്നാൽ ഭാവിയിൽ അന്വേഷണം അട്ടിമറിക്കാൻ സാദ്ധ്യതയുള്ളതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.