palliyara
വളളിയൂർക്കാവ് ഉത്സവത്തിന് തുടക്കം കുറിച്ച് പളളിയറക്കലിൽ നിന്ന് ആരംഭിച്ച വാൾ എഴുന്നളളത്ത്.

മാനന്തവാടി: രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വയനാടിന്റെ ദേശീയോത്സവമായ ശ്രീ വളളിയൂർക്കാവ് ഭഗവതി ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്നലെ എടവക പഞ്ചായത്തിലെ പളളിയറ ക്ഷേത്രത്തിൽ നിന്ന് വാൾ എഴുന്നളളിച്ച് കൊണ്ടുവന്നതോടെയാണ് ഉത്സവാഘോഷ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ദേവിയുടെ ഉടവാൾ എടവകയിലെ ജിനരാജ തരകന്റെ വീട്ടിൽ നിന്ന് തൊട്ടടുത്ത പളളിയറക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നളളിച്ചു. അവിടെ നിന്നാണ് സന്ധ്യയോടെ വാളുമായി വളളിയൂർക്കാവിലേക്ക് പുറപ്പെട്ടത്. വാൾ വളളിയൂർക്കാവിലെ താഴെക്കാവിൽ എത്തിച്ചു. തുടർന്ന് തിരുവത്താഴത്തിനുളള അരിയളവ്,കഷ്ണം മുറിക്കൽ,ദേഹണ്ഡം ചാർത്തൽ എന്നിവ നടന്നു.അതിന് മുന്നോടിയായി

വള്ളിയൂർക്കാവിൽ ചെന്നലായി കല്ലോട്ട് തറവാട്ടിലെ കാരണവൻമാരുടെ നേതൃത്വത്തിൽ കുറിച്ച്യ സമുദായം താഴെ കാവിൽ നിഴൽ കാണൽ ചടങ്ങ് നടത്തി. പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി മുനിക്ക് പാരമ്പര്യ വടി നൽകിക്കൊണ്ട് കർമ്മം നിർവഹിച്ചു. എക്സിക്യുട്ടീവ് ഓഫീസർ നാരായണൻ നമ്പീശൻ, ട്രസ്റ്റിമാരായ എടച്ചന പദ്മനാഭൻ,ടി.കെ.അനിൽകുമാർ, കല്ലോടൻ ചെന്നലായി, മൂപ്പൻ രാഘവൻ, ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങൾ, കുറിച്ച്യ തറവാട്ടിലെ കുടുംബാംഗങ്ങൾ,ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ന് മുതൽ ഇനി രണ്ടാഴ്ചക്കാലം കബനിനദിക്കര ഉത്സവ ലഹരിയിലായിരിക്കും. ഉത്സവം തുടങ്ങി ഏഴാം നാളിലാണ് ഇവിടെ കൊടി ഉയർത്തുക. അതേ പോലെ ഉത്സവം കഴിഞ്ഞ് ഏഴാം നാളിലാണ് കൊടിയിറക്കം. 23 ന് ക്ഷേത്രം മേൽശാന്തി കുഞ്ഞിക്കല്ല് വരശ്ശാലം ഇല്ലം ശ്രീജേഷ് നമ്പൂതിരി ചേരാങ്കോട്ട് ഇല്ലത്തേക്ക് ഒപ്പന കോപ്പ് കൊണ്ടുവരാൻ യാത്ര തിരിക്കും. 24ന് വൈകീട്ട് ഒപ്പന കോപ്പ് കൊണ്ടുവരും. കോലംകൊറ (ദാരിക വധം) എന്ന ചടങ്ങോടെയാണ് ഉത്സവം സമാപിക്കുക. ജനലക്ഷങ്ങൾ ഉത്സവത്തിൽ പങ്കെടുക്കും. ഉത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതതായി ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ടി.കെ.അനിൽകുമാർ, എക്സിക്യൂട്ടീവ് ഓഫീസർ ഇ.നാരായണൻ നമ്പീശൻ, ഉത്സവ ആഘോഷ കമ്മറ്റി പ്രസിഡന്റ് എ..എം.നിശാന്ത്, വൈസ് പ്രസിഡന്റ് സന്തോഷ് ജി നായർ, സെക്രട്ടറി പി.വി.സുരേന്ദ്രൻ, അനിൽ പനമരം, സന്തോഷ് കൂവണ എന്നിവർ അറിയിച്ചു.