സുൽത്താൻബത്തേരി: ഏഴു കോടി രൂപയുടെ കള്ളനോട്ട് സൂക്ഷിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ പിടിയിൽ. കാസർഗോഡ് പെരിയ സി.എച്ച് ഹൗസിൽ അബ്ദുൾ റസാഖ് (49), മവ്വൽ പരണ്ടാനം വീട്ടിൽ സുലൈമാൻ(52) എന്നിവരെയാണ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബൈജു കെ. ജോസ്, എസ്.ഐ സാബു, സിവിൽ പൊലീസ് ഓഫിസർമാരായ എം.എസ്. ഷാൻ, കെ.അജ്മൽ, പി.എസ്. നിയാദ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ബത്തേരിയിലെ റിസോർട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ അമ്പലത്തറ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. അമ്പലത്തറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണ് ഇവർ. ബേളൂർ വില്ലേജിലെ ഗുരുപുരത്ത് വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന കള്ളനോട്ടുകെട്ടുകൾ മാർച്ച് 20ന് രാത്രിയാണ് പോലീസ് കണ്ടെടുത്തത്. പ്രതികളെ അമ്പലത്തറ പൊലീസിനു കൈമാറും.