മാനന്തവാടി: വളളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുളള പ്രധാന ചടങ്ങായ ഒപ്പന വരവ് ഇന്നലെ നടന്നു. ചേരാങ്കോട്ട് ഇല്ലത്ത് നിന്ന് വളളിയൂർക്കാവിലെ മേൽശാന്തി കുഞ്ഞിക്കല്ല് വരശാല ഇല്ലം ശ്രീജേഷ് നമ്പൂതിരിയാണ് വൈകിട്ട് 6.21ന് ദേവിയുടെ ദിവ്യരൂപങ്ങൾ അടങ്ങിയ ഒപ്പന കോപ്പുകളുമായി വളളിയൂർക്കാവ് മേലേക്കാവിലെത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭക്തജനത്തിരക്കായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്. ഞായറാഴ്ചയായത് കൊണ്ട് വയനാട്ടിൽ നിന്നും പുറത്തുനിന്നുമായി ജനങ്ങൾ വളളിയൂർക്കാവിലേക്ക് ഒഴുകുകയായിരുന്നു. ഒപ്പന എത്തിയതോടെ കബനിനദിക്കര ഉത്സവലഹരിയിലായി. ചേരാങ്കോട്ട് ഇല്ലത്ത് നിന്ന് ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ഒപ്പനക്കോപ്പുകളുമായി മേൽശാന്തി വളളിയൂർക്കാവിലേക്ക് യാത്ര പുറപ്പെട്ടത്. മേലാകെ വെളളമുണ്ട് കൊണ്ട് മൂടിപ്പുതച്ച് അതിനകത്ത് ദേവിയുടെ ദിവ്യരൂപങ്ങൾ അടങ്ങിയ ഒപ്പന കോപ്പും വച്ച് പതിനഞ്ച് കിലോമീറ്റർ ദൂരം ഓടിയും നടന്നുമായാണ് മേൽശാന്തി വളളിയൂർക്കാവിലെത്തിയത്. ഒപ്പനകോപ്പുമായി യാത്ര പുറപ്പെട്ട മേൽശാന്തിയെ വഴിനീളെ ഭക്തജനങ്ങൾ നിലവിളക്ക് കൊടുത്തി വരവേറ്റു. ഒപ്പന കൊണ്ട് വരുന്നത് കാണാൻ മേലെക്കാവിലും താഴെക്കാവിലും ഇതിന് മുമ്പൊന്നും കാണാത്ത തരത്തിൽ ഭക്തജനതിരക്കായിരുന്നു. താഴെക്കാവിലെ പാട്ട് പുരയിലെ പ്രത്യേക അറിയിൽ ഒപ്പന കോപ്പുകൾ വച്ചു. ഇന്നലെ അർദ്ധ രാത്രിയോടെ ഭക്ത ജനങ്ങൾക്ക് ഒപ്പന ദർശനവും ഉണ്ടായിരുന്നു.ഉത്സവം കഴിയുന്നതുവരെ എല്ലാ ദിവസവും അർദ്ധരാത്രി താഴെക്കാവിലെ പാട്ടുപുരയിൽ ഒപ്പന ദർശനം ഉണ്ടാകും. എക്സിക്യൂട്ടീവ് ഓഫീസർ ഇ.നാരായണൻ നമ്പീശൻ, ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ടി.കെ. അനിൽകുമാർ, ഇ,പത്മനാഭൻ, ഉത്സവാഘോഷ കമ്മറ്റി ചെയർമാൻ എ.എൻ.നിശാന്ത്, ജനറൽ കൺവീനർ പി.വി.സുരേന്ദ്രൻ തുടങ്ങിയവർ ഒപ്പനയെ വരവേൽക്കാൻ വളളിയൂർക്കാവിൽ ഉണ്ടായിരുന്നു.
ഇന്നലെ താഴെക്കാവിൽ നടന്ന സാംസ്ക്കാരിക സമ്മേളനം ഒ.ആർ.കേളു എം.എൽ. എ ഉദ്ഘാടനം ചെയ്തു. എ.എം.നിശാന്ത് അദ്ധ്യക്ഷത വഹിച്ചു. വളളിയൂർക്കാവ് ആറാട്ട് മഹോത്സവം ഇരുപത്തിയേഴിന് അർദ്ധരാത്രിക്ക് ശേഷംം കോലംകൊറ എന്ന ചടങ്ങോടെയാണ് സമാപിക്കുക. വയനാട്ടിൽ നിന്നും പുറത്ത് നിന്നുമായി ജനലക്ഷങ്ങൾ ഉത്സവത്തിൽ പങ്കെടുക്കും.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.