ks-1

കൽപ്പറ്റ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം വയനാട്ടിലെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കൽപ്പറ്റയിൽ ഉജ്ജ്വല വരവേല്പ്. ഇന്നലെ വൈകിട്ട് മൂന്നിന് ലക്കിടിയിലെത്തിയ സുരേന്ദ്രനെ എൻ.ഡി.എ നേതാക്കൾ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. തുടർന്ന് വയനാടൻ ചുരം ശില്പി കരിന്തണ്ടന്റെ സ്മാരകത്തിൽ സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി.

നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ വൻ ജനാവലിയാണ് കാത്തുനിന്നത്. വൈകിട്ട് 4.30ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച റോഡ്‌ഷോ നഗരത്തെ ഇളക്കിമറിച്ചു. താളമേളങ്ങളും വാദ്യഘോഷങ്ങളും റോഡ്‌ഷോയെ ആകർഷണീയമാക്കി. സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായി. ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യർ, ജെ.ആർ.പി സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു, മുതിർന്ന വനവാസി കല്യാണാശ്രമം നേതാവ് പള്ളിയറ രാമൻ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്തിയാട്ട്, പി.സി മോഹനൻ, ടി.പി. ജയചന്ദ്രൻ, വി.പി. ശ്രീപദ്മനാഭൻ, മുകുന്ദൻ പള്ളിയറ,എൻ.പി. രാധാകൃഷ്ണൻ, പ്രശാന്ത് മലവയൽ, സദാനന്ദൻ, കെ.പി. മധു, അനീഷ്, കെ.കെ. രാജൻ, സുബീഷ് എന്നിവർ പങ്കെടുത്തു.