adiyara
വളളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന് സമാപനം കുറിച്ച് മാനന്തവാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറപ്പെട്ട അടിയറ എഴുന്നളളത്തുകൾ മാനന്തവാടി ടൗണിൽ എത്തിയപ്പോൾ

മാനന്തവാടി: പതിനാലു ദിവസം കബനി നദിക്കരയെ ആനന്ദ ലഹരിയിലാക്കിയ വളളിയൂർക്കാവ് ആറാട്ട് മഹോത്സവം സമാപിച്ചു. കബനി നദിക്കരയും മാനന്തവാടി ടൗണും സമാപന ദിവസമായ ഇന്നലെ ജനലക്ഷങ്ങളെ കൊണ്ട് നിറഞ്ഞു. സന്ധ്യയോടെ മാനന്തവാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള അടിയറ എഴുന്നളളത്തുകൾ മാനന്തവാടി ടൗണിനെ വലയം ചെയ്താണ് വളളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് നീങ്ങിയത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, കരകാട്ടം, കാവടിയാട്ടം, ഇളനീർക്കാവുകൾ, താലപ്പൊലി, വാദ്യമേളങ്ങൾ എന്നിയോടെയാണ് ഓരോ അടിയറയും വളളിയൂർക്കാവിലേക്ക് പുറപ്പെട്ടത്. അടിയറ എഴുന്നളളത്തുകൾ വീക്ഷിക്കാൻ റോഡിന് ഇരുവശവും ജനം നിറഞ്ഞിരുന്നു. കെട്ടിടങ്ങളുടെ മുകളിലും മറ്റും വൈകിട്ട് തന്നെ അടിയറ എഴുന്നളളത്തുകൾ കാണാൻ ജനങ്ങൾ സ്ഥാനം പിടിച്ചിരുന്നു. ജനത്തിരക്ക് കണക്കിലെടുത്ത് മാനന്തവാടി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഇന്നലെ വൈകിട്ട് മൂന്ന്മണിയോടെയാണ് അടിയറ എഴുന്നളളത്തുകൾ പുറപ്പെട്ടത്. രാത്രി പത്തരയോടെ വളളിയൂർക്കാവിലെത്തിച്ചേർന്നു. തുടർന്ന് ആറാട്ട് തറയിലേക്ക് എഴുന്നളളത്ത് നടത്തി. ഇന്ന് പുലർച്ചെ കോലംകൊറ ചടങ്ങ് നടക്കും. വയനാട്ടിലെ ആദിവാസികൾ ഒന്നടങ്കം സംഗമിക്കുന്ന ദേശീയ ഉത്സവം കൂടിയാണ് വളളിയൂർക്കാവ് ആറാട്ട് മഹോത്സവം. അടുത്ത വർഷത്തെ ഉത്സവ പ്രതീക്ഷയുമായാണ് ആദിവാസികൾ ഉൾപ്പെടെ ഓരോരുത്തരും കാവിൽ നിന്ന് മടങ്ങിയത്.