
കൽപ്പറ്റ: വയനാട്ടിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനി (37) ആണ് മരിച്ചത്. ഇന്നലെ രാവിലെ വനത്തിൽ തേൻ ശേഖരിക്കാൻ പോയ സുരേഷും മിനിയും കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ മിനി തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിപ്പൺ കാടശേരിയിൽ നിന്ന് 15 കിലോമീറ്റർ അകലെ നിലമ്പൂർ വനമേഖലയിൽ ചാലിയാറിനടുത്താണ് പരപ്പൻപാറ ആദിവാസി കോളനി. ചാലിയാറിലൂടെ ചുമന്ന് മലമ്പാതകൾ താണ്ടി മണിക്കൂറുകൾക്കുശേഷമാണ് പരിക്കേറ്റ സുരേഷിനെ ആശുപത്രിയിൽ എത്തിക്കാനായത്. നിലമ്പൂരിൽ നിന്നും മേപ്പാടിയിൽ നിന്നും രണ്ട് സംഘങ്ങളായി ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലീസും കോളനിയിൽ എത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. തേൻ ശേഖരിച്ചാണ് ചോല നായ്ക്ക വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബങ്ങൾ ഉപജീവനമാർഗം കണ്ടെത്തുന്നത്.