ആലപ്പുഴ : തിരക്ക് സമയത്തെ നിയന്ത്രണം ലംഘിച്ച് തലങ്ങും വിലങ്ങും പായുന്ന ടിപ്പർ, ടോറസ് ലോറികൾക്കെതിരെ നടപടി ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ്. കുട്ടികൾ ഉൾപ്പെടെ നിരവധി ജീവനുകൾ ഇവയുടെ പരക്കംപാച്ചിലിൽ അടുത്തിടെ പൊലിഞ്ഞ സാഹചര്യത്തിലാണ്
മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കുന്നത്. മദ്ധ്യവേനൽ അവധിക്കാലത്തെ തിരക്കും വരാനിരുക്കുന്ന സ്‌കൂൾ തുറപ്പും കണക്കിലെടുത്ത് വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തെയാണ് പരിശോധനക്കായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജില്ലയിൽ 50 ടോറസുകൾക്കാണ് സമയപരിധിയില്ലാതെ സർവീസ് നടത്താൻ കളക്ടർ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ, ഇതിന്റെ മറവിൽ സ്വകാര്യവ്യക്തികളുടേത് ഉൾപ്പടെ ഇരട്ടിയോളം ടോറസുകളാണ് അമിതവേഗത്തിൽ നിരത്തുകളിൽ ചീറിപ്പായുന്നത്.
പരിശോധന ശക്തമാക്കി മോട്ടോർവാഹന വകുപ്പ്
1.സ്‌കൂൾ,കോളേജ് വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് രാവിലെ 8 മുതൽ 10 മണിവരെയും വൈകിട്ട് 3.30 മുതൽ 4.30വരെയുമാണ് ടോറസ്, ടിപ്പർലോറികളുടെ നിരോധന സമയം
2.ജില്ലയിൽ കെ.പി റോഡ്, അമ്പലപ്പുഴ-തിരുവല്ല, മുഹമ്മ- തണ്ണീർമുക്കം, ഹരിപ്പാട് -പള്ളിപ്പാട്, നങ്ങ്യാർകുളങ്ങര- മാവേലിക്കര റോഡുകളിലാണ് ടിപ്പറുകളുടെ അതിവേഗത്തിലുള്ള അപകടസഞ്ചാരം
3. കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്മെന്റും ജോയിന്റ് ആർ.ടി.ഒമാരും നടത്തിയ സംയുക്ത പരിശോധനയിൽ ടിപ്പറുകൾക്ക് പിഴ ചുമത്തിയിരുന്നു
4. ജില്ലയിലെ താലൂക്കുകളിൽ നടന്ന പരിശോധനയിൽ സമയക്രമം ലംഘിച്ചതിന് ശരാശരി അഞ്ച് മുതൽ പത്തുവരെ ടിപ്പറുകൾക്കെതിരെ കഴിഞ്ഞദിവസങ്ങളിൽ നടപടിയെടുത്തിരുന്നു
പിഴക്കണക്ക്
വലിയ ടിപ്പർ: ₹7500
ഇടത്തരം ടിപ്പർ : ₹5000
ചെറിയ ടിപ്പർ: ₹3000
ടിപ്പറുകൾ,
ടോറസുകൾ
4000
തൊഴിലാളികൾ
8000
ടിപ്പർ ഉടമകളും തൊഴിലാളികളും ദുരിതത്തിൽ കഴിയുമ്പോഴുള്ള പരിശോധനയും കനത്ത പിഴയും വെല്ലുവിളിയാണ്. പുതിയ വാഹനം നിരത്തിൽ ഇറക്കണമെങ്കിൽ അരക്കോടിയിലധികം രൂപ വേണ്ടി വരും.
- ടിപ്പർ ഉടമകൾ
സ്‌കൂൾ സമയത്ത് ടിപ്പർലോറികൾ സർവീസ് നടത്തിയാൽ കർശന നടപടിയുണ്ടാകും. പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. എൻഫോഴ്സ്മെന്റ് പരിശോധന തുടരും
-ആർ.ടി.ഒ, ആലപ്പുഴ