ആലപ്പുഴ: ഹൗസ് ബോട്ടുകളിലെ ഖരമാലിന്യം ജലാശയങ്ങൾ മലിനമാക്കുന്നത് തടയാൻ ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിക്ക് അംഗീകാരം. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ കമ്പനികളിൽ നിന്ന് ടെൻണ്ടർ ക്ഷണിച്ച് പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ആലപ്പുഴയിലെ ഹൗസ് ബോട്ടുകളുടെയും ബോട്ടുകളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യത്തിന്റെയും കണക്കെടുപ്പ് ടൂറിസം വകുപ്പ് പോർട്ട്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ നേതൃത്വത്തിൽ തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാകും പദ്ധതിയുടെ ടെൻണ്ടർ തയ്യാറാക്കുക.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ടെൻഡർ
1. ബോട്ടുകളിൽ നിന്ന് പുറന്തള്ളുന്ന ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖര മാലിന്യങ്ങളുമാണ് ജലാശയങ്ങളെ മലിനമാക്കിയിരുന്നത്. ബോട്ടുടമകളിൽ നിന്ന് വാർഷിക ഫീസ് വാങ്ങി, ഇവ ശാസ്ത്രീയമായി സംസ്കരിക്കുകയാണ് ലക്ഷ്യം
2. ബോട്ടുകളിൽ നിന്ന് എല്ലാ ദിവസവും മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിനായി വേമ്പനാട്ട് കായൽ തീരത്തും ആലപ്പുഴ ടൗണിലുമായി അരഡസനോളം കളക്ഷൻ സെന്ററുകൾ സ്ഥാപിക്കും
3.വർഷത്തിൽ 6000 മുതൽ 24000 രൂപവരെ ഫീസ് മുൻകൂർ വാങ്ങിയാണ് പദ്ധതി നടപ്പാക്കുക. പ്ളാന്റ് ഉൾപ്പെടെ സംവിധാനങ്ങളുള്ള കമ്പനികളെയാകും മാലിന്യ സംസ്കരണത്തിനായി നിയോഗിക്കുക
4.ബോട്ടുകളിലെ പ്ളാസ്റ്റിക്ക് മാലിന്യം ഹരിതകർമ്മസേനാംഗങ്ങളുടെ പങ്കാളിത്തതോടെയാണ് നിലവിൽ നഗരസഭ ശേഖരിക്കുന്നത്. മാലിന്യ സംസ്കരണം സ്വകാര്യ കമ്പനികൾക്ക് കൈമാറുന്നതോടെ പ്ളാസ്റ്റിക്ക് സംസ്കരണവും കമ്പനികളുടെ ഉത്തരവാദിത്തമാകും
ജില്ലയിൽ ഹൗസ്
ബോട്ടുകൾ : 1500
മാലിന്യസംസ്‌കരണ
വാർഷിക നിരക്ക് (പുതിയത്)
രണ്ട് ബെഡ്റൂം ഹൗസ് ബോട്ടിന് : ₹6000
അഞ്ച് റൂം വരെയുള്ളതിന് : ₹12,000
അഞ്ചിന് മുകളിലുള്ളതിന് : ₹ 24,000
..........................................
കളക്ഷൻ സെന്ററുകൾ
#പള്ളാത്തുരുത്ത്
#മല്ലൻഡോക്ക്
#ചുങ്കം
#പുന്നമട
#സ്റ്റാർട്ടിംഗ് പോയിന്റ്
#ഫിനിഷിംഗ് പോയിന്റ്
ടോയ്ലറ്റ് മാലിന്യപ്ളാന്റ്
അറ്റകുറ്റപ്പണി കഴിഞ്ഞില്ല
ഹൗസ് ബോട്ടുകളിലെ കക്കൂസ് മാലിന്യം സംസ്കരിക്കാനുള്ള പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായില്ല. ഇതോടെ, കോട്ടയം ഡി.ടി.പി.സിയുടെ സഹകരണത്തോടെ കളക്ഷൻ യൂണിറ്റുകളെത്തി കക്കൂസ് മാലിന്യം ശേഖരിക്കുകയാണ് ചെയ്യുന്നത്. മുന്നൂറോളം ബോട്ടുകളാണ് ഇതിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2250 രൂപയാണ് ഡി.ടി.പി.സി ഈടാക്കുന്നത്. രജിസ്റ്റർ ചെയ്ത് അനന്തമായി കാത്തിരിക്കേണ്ടി വരുന്നതോടെ ആയിരങ്ങൾ നൽകി സ്വകാര്യ ഏജൻസികളെയാണ് ബോട്ടുടമകൾ ഇപ്പോൾ ആശ്രയിക്കുന്നത്.