മുതുകുളം : മുതുകുളം പഞ്ചായത്തിന്റെ തെക്കൻ പ്രദേശങ്ങളായ 7,8,9 വാർഡുകളിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. വിഷയത്തിൽ പഞ്ചായത്തോ ജനപ്രതിനിധികളോ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. താലൂക്ക് ഓഫീസ് ഇടപെട്ടു ആഴ്ചയിൽ രണ്ട് ദിവസം ടാങ്കറിൽ വെള്ളം എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മുതൽ അതും നിർത്തി. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡ് കൂടി ഉൾപ്പെട്ട 7-ാം വാർഡിലാണ് കൂടുതൽ ജനങ്ങൾ ബുദ്ധിമുട്ടുന്നത്. ട്യൂബ് വെൽ സ്ഥാപിക്കുന്നതിനു ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ് 13 ലക്ഷത്തി
അൻപതിനായിരം രൂപ അനുവദിച്ചു പഞ്ചായത്തിന് കൈമാറിയിരുന്നെങ്കിലും നടപടികൾ സ്വീകരിക്കാത്തതാണ് കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നത്. ട്യൂബ് വെൽ പണി പൂർത്തീകരിക്കുന്നത് വരെ തനതു ഫണ്ടിൽ നിന്ന് പണം മുടക്കി ടാങ്കറിൽ വെള്ളം എത്തിക്കണമെന്ന് യു.ഡി.എഫ് മുതുകുളം സൗത്ത് മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി മുഞ്ഞിനാട്ടു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ബി.എസ്.സുജിത്ത് ലാൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ചിറ്റക്കാട്ടു രവിന്ദ്രൻ, കെ.സി.തോമസ്, വി.ബാബു, സുരേന്ദ്രലാൽ, എസ്.കെ.അനിയൻ, വി.ബാബുക്കുട്ടൻ, എസ്.ഷീജ, ഷാജീവൻ, ആശകൃഷ്ണൻ, അജിത്ത് തുടങ്ങിയവർ സംസാരിച്ചു