മാന്നാർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോൾ ചെന്നിത്തലയിൽ നിന്നുള്ള ഡി.സി.സി സെക്രട്ടറിയുടെ രാജിയും മാന്നാറിൽ മുസ്ലിം ലീഗിന്റെ നിസ്സഹകരണവും കോൺഗ്രസിനെ വലയ്ക്കുന്നു. കരാർ കാലാവധി കഴിഞ്ഞിട്ടും ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ നേതൃത്വം ഇടപെട്ട് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി എം.ശ്രീകുമാർ രാജിവെച്ചതാണ് ചെന്നിത്തലയിൽ കോൺഗ്രസിന് തലവേദനയായത്. യു.ഡി.എഫ് മാന്നാർ മണ്ഡലം കമ്മിറ്റി ചെയർമാൻ സ്ഥാനം മുസ്ലിം ലീഗിന് നൽകാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് യോഗങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും മുസ്ലിം ലീഗ് വിട്ടു നിൽക്കുന്നതാണ് മാന്നാറിൽ കോൺഗ്രസിനെ വലയ്ക്കുന്നത്.

2020 ഡിസംബറിൽ ഉണ്ടാക്കിയ കരാർ പ്രകാരം ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായ രവികുമാർ കോമന്റേത്ത് രണ്ടുവർഷം കഴിഞ്ഞ് സ്ഥാനം ഒഴിഞ്ഞ് അഭിലാഷ് തൂമ്പിനാത്തിനും തുടർന്നുള്ള വർഷം ഷിബു കിളിമൺതറയിലിനും നൽകണമെന്നായിരുന്നു തീരുമാനം. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു നൽകാത്ത രവികുമാറിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്നും ചെന്നിത്തലയിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് കോൺഗ്രസിന്റെ ഉന്നത നേതാവ് നേതൃത്വം കൊടുക്കുന്നതായും ആരോപിച്ചാണ് എം.ശ്രീകുമാർ ഡി.സി.സി ജനറൽ സെക്രട്ടറി സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചത്.

മുതിർന്ന നേതാവ് എൻ.എ സുബൈറിനെ മാന്നാർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചെയർമാനായി മുസ്ലിംലീഗ് പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് നേതാവായ ടി.കെ ഷാജഹാനെയാണ് ഔദ്യോഗികമായി ചെയർമാനായി തിരഞ്ഞെടുത്ത്. ഇതിനു പരിഹാരമായി യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകിയെങ്കിലും ലീഗ് സ്വീകരിക്കാൻ തയ്യാറായിട്ടില്ല.

ലീഗിന്റെ പ്രകോപനം

 വർഷങ്ങളായി മുസ്ലിംലീഗിനായിരുന്ന മാന്നാർ മണ്ഡലം യു.ഡി.എഫ് ചെയർമാൻ സ്ഥാനം ഇത്തവണ കോൺഗ്രസ് കയ്യടക്കിയതാണ് ലീഗിനെ പ്രകോപിപ്പിച്ചത്

 കഴിഞ്ഞ ദിവസം മാന്നാർ വ്യാപാര ഭവനിൽ നടന്ന യു.ഡി.എഫ് മാന്നാർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിലും മുസ്ലിം ലീഗിന്റെ നേതാക്കളോ പ്രവർത്തകരോ പങ്കെടുത്തിരുന്നില്ല

മുസ്ലിം ലീഗിന്റെ നിസഹകരണം മാന്നാർ ടൗണിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ്.  പരാതികൾ ഉന്നയിച്ചിട്ടും, പ്രശ്ന പരിഹാരത്തിനായുള്ള ശ്രമങ്ങൾ യു.ഡി.എഫ് ഉന്നതാധികാര സമിതികൾ നടത്തിയില്ലെന്നും മാന്നാറിലെ ലീഗ് നേതാക്കൾ ആരോപിച്ചു.