ആലപ്പുഴ : മുച്ചക്ര സൈക്കിളിൽ വെള്ള വേഷധാരിയായി കെ.സി.വേണുഗോപാലിന്റെ ഫ്ലെക്സുമായി ആലപ്പുഴ മണ്ഡലത്തിൽ ഒറ്റയാൾ പ്രചരണം നടത്തുകയാണ് ആര്യാട് അഞ്ചാം വാർഡ് പുതുപ്പറമ്പ് വെളിയിൽ കെ.കുഞ്ഞുമോൻ (67). തിരഞ്ഞെടുപ്പ് കാലമടുത്താൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി സ്വയം പ്രചാരകനായി ഇറങ്ങുകയെന്നത് കുഞ്ഞുമോന്റെ പതിവാണ്.
പത്താം വയസ്സിൽ ഇന്ധിരാഗാന്ധിയുടെയും കെ.കരുണാകരന്റെയും പോസ്റ്ററുകൾ ഒട്ടിച്ചു തുടങ്ങിയതാണ് കുഞ്ഞുമോന്റെ പ്രചാരണം. പിന്നീട് കോൺഗ്രസിനെ വികാരമായി ഒപ്പം കൂട്ടി. ഓർമ്മവച്ച കാലം മുതൽ ആക്രി പെറുക്കി ഉപജീവനം കണ്ടെത്തുന്ന കുഞ്ഞുമോൻ, ജോലി പോലും തൽക്കാലത്തേക്ക് മാറ്റിവച്ചാണ് പ്രചാരണം നടത്തുന്നത്.
ഞായറാഴ്ച്ച മുഹമ്മ കാവുങ്കലിൽ നിന്നാണ് മുച്ചക്ര വാഹനത്തിൽ ഫ്ലെക്സും പതിച്ചുള്ള യാത്ര ആരംഭിച്ചത്. ഇന്നലെ ആലപ്പുഴ നഗരം കേന്ദ്രീകരിച്ചായിരുന്നു സഞ്ചാരം. തിരഞ്ഞെടുപ്പ് തിയതി വരെ എല്ലാ ദിവസവും സജീവമാകാനാണ് തീരുമാനം. രാവിലെ ഭക്ഷണവും കഴിച്ച് വീട്ടിൽ നിന്ന് വെള്ളയും വെള്ളയും ധരിച്ചിറങ്ങിയാൽ രാത്രിയാണ് തിരിച്ചുള്ള മടക്കം. ഇടയ്ക്ക് ആരെങ്കിലും വെള്ളം വാങ്ങി നൽകിയാൽ കുടിക്കും. അല്ലെങ്കിൽ വീട്ടിലെത്തിയ ശേഷമാണ് വിശപ്പകറ്റുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ പാർലമെന്റ് തിരഞ്ഞെടുപ്പ് വരെയുള്ള പ്രചരണ കാലങ്ങളിലെല്ലാം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി കുഞ്ഞുമോൻ രംഗത്തിറങ്ങും. ഫ്ലെക്സ് വേണമെന്ന കുഞ്ഞുമോന്റെ ആവശ്യപ്രകാരം പാർട്ടിയാണ് സൈക്കിളിൽ സ്ഥാപിക്കാനുള്ള കെ.സി.വേണുഗോപാലിന്റെ ഫ്ലെക്സ് എത്തിച്ചു കൊടുത്തത്. കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി പര്യടനത്തിനിടെ കെ.സി.വേണുഗോപാലിനെ നേരിൽ കണ്ടയുടൻ അദ്ദേഹം സ്നേഹപൂർവ്വം ആശ്ലേഷിച്ചു.
സ്വന്തമായി കിടപ്പാടം ഒരുക്കുമെന്ന ഉറപ്പും കെ.സി നൽകി. പ്രതിമാസം വീട്ടുവാടകയായ അയ്യായിരം രൂപ നൽകാനുള്ള വരുമാനം കഷ്ടിച്ചാണ് കുഞ്ഞുമോന് ആക്രി പെറുക്കലിൽ നിന്ന് ലഭിക്കുന്നത്. മകൻ ഷെഹീർ മരം വെട്ടകാർക്കൊപ്പം പോകുന്നതിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് കുടുംബത്തെ താങ്ങി നിർത്തുന്നത്. ഹബീബയാണ് ഭാര്യ. മറ്റു മക്കൾ: സാബിത, സജന.