ആലപ്പുഴ : 2004ലെ സുനാമി ദുരന്തത്തിനുശേഷം ഇടയ്ക്കിടയ്ക്ക് കടൽ ഉൾവലിയുന്നത് തീരദേശ ജനതയെ ആശങ്കപ്പെടുത്തുന്നു. കടൽ ഉൾവലിയുന്നതിന്റെ കാരണം കണ്ടെത്തുന്നതിന് ദുരന്തനിവാരണ അതോറിട്ടിയും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പും ഒരുതരത്തിലുള്ള പഠനവും നടത്തിയിട്ടില്ലെന്ന് ഇരുവകുപ്പുകളും വ്യക്തമാക്കി.
പത്ത് ദിവസത്തിനുള്ളിൽ രണ്ടാംതവണയാണ് ജില്ലയുടെ തീരമായ പുറക്കാട്ട് കടൽ ഉൾവലിഞ്ഞത്. കരയെപ്പോലെ കടലിലും ഉണ്ടാകുന്ന ഭൂകമ്പമാണ് കടൽ ഉൾവലിയുന്നതിന് കാരണമെന്നാണ് മത്സ്യത്തൊഴിലാളികളും വിവിധ മത്സ്യത്തൊഴിലാളി സംഘടനാനേതാക്കളും പറയുന്നത്. ഒരുഭാഗത്ത് തിരമാലകൾ ക്രമാതീതമായി ഉയരുമ്പോൾ സമീപപ്രദേശത്തെ തീരത്തെ കടൽ പിന്നിലേക്ക് മാറും. 2004ൽ നിരവധി ജീവനുകൾ കവർന്ന സുനാമി ദുരന്തം ഉണ്ടായപ്പോൾ തോട്ടപ്പള്ളിയിലും പുന്നപ്രയിലും കിലോമീറ്റർ നീളത്തിൽ കടൽ ഉൾവലിഞ്ഞിരുന്നു. ആഗോളതാപനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രതിഭാസമാണ് കടലിലെ ഭൂകമ്പം. കടൽ കവരുന്ന കര ഒരിക്കലും തിരികെ ലഭിച്ചിട്ടില്ല.
കള്ളക്കടൽ ഇല്ലെന്ന് മത്സ്യത്തൊഴിലാളികൾ
കള്ളക്കടൽ ഇല്ലെന്നാണ് പഴയ മത്സ്യത്തൊഴിലാളികൾ പറയുന്നത്. പുരാതനകാലം മുതൽ മൂന്ന് കടലാണ് തീരത്ത് അനുഭവപ്പെടുന്നത്. തെക്കൻ, വടക്കൻ, അറുപ്പൻ കടൽ എന്നിവയാണിത്. കടലിലെ നീരൊഴുക്ക് അനുസരിച്ചാണ് ഒരോ കടലും പ്രകടമാകുന്നത്. അറുപ്പൻ കടൽ കരയിലെ മണൽ കവർന്ന് കര ഇല്ലാതാക്കും. കർക്കടക മാസത്തിലാണ് അറുപ്പൻ കടൽ അനുഭവപ്പെടുന്നത്. ചാകര എന്ന പ്രതിഭാസം ഇപ്പോൾ ഇല്ലാത്തതും കാലാവസ്ഥവ്യതിയാനത്തിന്റെ ഭാഗമാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ശക്തമായ കാറ്റാണ് കള്ളക്കടൽ അഥവാ സ്വെൽ വേവ്സ് പ്രതിഭാസത്തിന് കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അപ്രതീക്ഷിതമായി തീരം കവരുന്നതിനാലാണ് 'കള്ളക്കടൽ" എന്ന് പേരിട്ടത്.
കടൽ ഉൾവലിയുന്നതിൽ ശാസ്ത്രീയപഠനം നടത്തണം. ദുരന്തനിവാരണ അതോറിട്ടി ഇപ്പോൾ ദുരന്ത അതോറിട്ടിയായി മാറി. തീരദേശവാസികൾക്ക് കേട്ടുകേൾവിയില്ലാത്തതാണ് കള്ളക്കടൽ എന്നത്. ദുരന്തനിവാരണത്തിനുള്ള ഫണ്ട് വകമാറ്റി ചെലവഴിക്കുന്ന കള്ളൻന്മാരാണ് കള്ളക്കടൽ എന്ന പേര് നൽകിയത്
- വി.ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ