ആലപ്പുഴ : വേനലവധിക്കാലത്ത് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക് പ്രതീക്ഷിച്ചിരുന്ന ജില്ലയ്ക്ക് കള്ളക്കടൽ പ്രതിഭാസം തിരിച്ചടിയാകുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഭയപ്പാടും മൂലം ആരും ബീച്ചിലേക്ക് എത്തുന്നില്ല. സ്കൂൾ അവധി തുടങ്ങിയതോടെ ജനത്തിരക്കേറിയി​രുന്ന ആലപ്പുഴ ബീച്ചും പരിസരവും ഇന്നലെ മൂകമായിരുന്നു.

കടലേറ്റത്തിൽ കയറിയ വെള്ളം ഇപ്പോഴും തീരത്ത് തളം കെട്ടി കിടക്കുകയാണ്. ബീച്ചിനോട് ചേർന്നായതിനാൽ ആലപ്പുഴ ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിന് കീഴിലെ വിജയ പാർക്കിലും ഇന്നലെ സഞ്ചാരികൾ നന്നേ കുറവായിരുന്നു. കഴിഞ്ഞ ദിവസം സ്കൂൾ അദ്ധ്യയനം അവസാനിച്ചതിനെ തുടർന്നും, പൊതും അവധി ദിനങ്ങൾ വന്നതോടെയും കാര്യമായ തിരക്കാണ് പാർക്കിൽ അനുഭവപ്പെട്ടിരുന്നത്.

അടഞ്ഞ് കടകൾ

 കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ എത്തിയതും വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായിരുന്നു

 ആലപ്പുഴ ബീച്ചിലെ പകുതിയോളം വ്യാപാരസ്ഥാപനങ്ങളും ഇന്നലെ അടഞ്ഞുകിടന്നു

 ആറാട്ടുപുഴ ഭാഗത്ത് ഇന്നലെ വൈകിട്ട് വീണ്ടും ശക്തമായ തിരകൾ അടിച്ചു കയറിയത് ആശങ്ക വർദ്ധിപ്പിച്ചു

 കടൽ ചതി​ച്ചതോടെ പലരും ആലപ്പുഴ വിട്ട് മലയോരമേഖലകളെ അവധി ആഘോഷത്തിന് തിരഞ്ഞെടുത്തു തുടങ്ങി

ആശങ്ക ഒഴിയാതെ ജനങ്ങൾ കടൽത്തീരത്തേക്ക് എത്തില്ല. ഇതോടെ വേനലവധിക്കാലത്ത് ഉറപ്പായിരുന്ന വരുമാനമാണ് ഇല്ലാതാകുന്നത്

-വ്യാപാരികൾ, ആലപ്പുഴ ബീച്ച്