1

കുട്ടനാട് : ഇന്ത്യൻ യൂണിവേഴ്സിറ്റി കനോയിംഗ് ആൻഡ് കയാക്കിംഗ് 500 മീറ്റർ സിംഗിൾസിൽ സ്വർണവും, 1000 മീറ്റർ ഡബിൾസിൽ വെങ്കലവും നേടി കുട്ടനാടിന്റെ അഭിമാനമായി ആദർശ്. ഇക്കഴിഞ്ഞ ചണ്ഡീഗഡിൽ നടന്ന മത്സരത്തിലായിരുന്നു നാടിനാകെ അഭിമാനം പകർന്ന ആദർശിന്റെ മിന്നും പ്രകടനം. രാമങ്കരി പഞ്ചായത്ത് 13ാം വാർഡ് കോളനി നമ്പർ 166ൽ പരേതനായ കൃഷ്ണൻകുട്ടിയുടേയും സിന്ധുവിന്റെയും മകനാണ് ആദർശ് .ആലപ്പുഴ എസ്.ഡി കോളേജിലെ വിദ്യാർത്ഥിയാണ്.

പുളിങ്കുന്ന് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്ക്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സായിൽ ചേർന്നു തുഴച്ചിൽ പരിശീലനത്തിന് തുടക്കം കുറിക്കുന്നത് . തുടർന്ന് നിരവധി മത്സരങ്ങളിൽ തന്റെ കഴിവ് തെളിയിച്ച ആദർശ് കഴിഞ്ഞ വർഷം ഉത്തരാഖണ്ഡിൽ നടന്ന ഓപ്പൺ സീനിയർ കനോയിംഗ് നാഷണൽ ചാമ്പ്യൻഷിപ്പിൽ സി4 1000 മീറ്ററിലും 200 മീറ്ററിലും സിൽവറും സി4 500 മീറ്ററിൽ വെങ്കലവും നേടിയിരുന്നു.