ചേർത്തല: തീരപ്രദേശത്ത് രണ്ടാംദിനവും കടൽവെള്ളം കയറി,തീരദേശവാസികൾ ആശങ്കയിൽ.ചേർത്തല താലൂക്കിലെ അർത്തുങ്കൽ,തൈക്കൽ,ഒ​റ്റമശേരി,അന്ധകാരനഴി മേഖലകളിലാണ് ഇന്നലെയും വേലിയേ​റ്റത്തിന് വീടുകളിലേക്കും പുരയിടങ്ങളിലേക്കും വെള്ളം കയറിയത്.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം വീടുകളിലേക്കും പുരയിടങ്ങളിലേക്കും വെള്ളം കയറിയിരുന്നു. ഒ​റ്റമശേരിയിൽ കടൽഭിത്തിയില്ലാത്ത പ്രദേശത്താണ് കൂടുതൽ വെള്ളം കയറിയത്. വീടുകൾക്ക് ചു​റ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വീട്ടുകാർക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഇന്നലെ രാവിലെ പ്രദേശവാസികൾ സംഘടിച്ച് വെള്ളം ഒഴുക്കിവിടാൻ ശ്രമിച്ചെങ്കിലും ഉച്ചയോടെ വേലിയേ​റ്റത്തിൽ വീണ്ടും വെള്ളം കയറിത്തുടങ്ങി.
ഒ​റ്റമശേരി തെക്ക് ഭാഗത്ത് മണ്ണുമാന്തിയന്ത്റം എത്തിച്ച് കടലിൽ നിന്ന് കയറിയ മണ്ണ് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും മണ്ണുമാന്തിയന്ത്റം മണ്ണിൽ താഴ്ന്നുപോയതിനാൽ നാട്ടുകാർ സംഘടിച്ചാണ് യന്ത്റം കരയ്‌ക്കെത്തിച്ചത്.
ഒ​റ്റമശേരി മേഖലയിൽ കടൽ ഭിത്തിയില്ലാത്ത സ്ഥലങ്ങളിലും മുമ്പുണ്ടായിരുന്ന കടൽഭിത്തി തകർന്ന സ്ഥലങ്ങളിലുമാണ് കടലാക്രമണം രൂക്ഷമാകുന്നത്. വെള്ളം കയറിയ വഴികളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ ചാക്കിൽ മണൽ നിറച്ചും വെള്ളം കയറുന്നത് തടയാൻ ശ്രമിക്കുന്നുണ്ട്.
മത്സ്യബന്ധനത്തിനുപോകുന്ന തൊഴിലാളികളാണ് ഏറെയും ബുദ്ധമുട്ട് നേരിടുന്നത്. അപ്രതീക്ഷിതമായി കടൽ കയറിയതോടെ മത്സ്യബന്ധന വള്ളങ്ങളും വലയും തിരയിൽപ്പെട്ടുപോയി. പലയിടങ്ങളിലും വള്ളവും വലയും മണ്ണിനടിയിൽപ്പെട്ട് നശിച്ചും പോയിട്ടുണ്ട്. ഒ​റ്റമശേരിയിൽ ടെട്രോപാഡ് നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇത് കടൽതീരങ്ങളിൽ സ്ഥാപിച്ചിട്ടില്ല. നിർമ്മാണം പൂർത്തിയാക്കിയ ടെട്രോപാഡുകൾ കടൽതീരങ്ങളിൽ സ്ഥാപിക്കുകയാണെങ്കിൽ ഒരുപരിധിവരെ കടൽകയറ്റം ഒഴിവാക്കാൻ കഴിയും.