
ഹരിപ്പാട്: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ ഉണ്ടായ കടലാക്രമണത്തിന് നേരിയ ശമനം. കടൽ പ്രക്ഷുബ്ധം ആണെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് കടൽവെള്ളം കരയിലേക്ക് അടിച്ചു കയറിയത്. ഞായറാഴ്ച ഉണ്ടായ കടലാക്രമണത്തിന്റെ ദുരിതം ഇനിയും മാറിയിട്ടില്ല. റോഡരികിലും വീടിനു പരിസരത്തും വെള്ളം കെട്ടിനിൽക്കുകയാണ്. പെരുമ്പള്ളി, രാമഞ്ചേരി, കള്ളിക്കാട്, എ.സി പള്ളി ഭാഗം എം.ഇ.എസ്. ജങ്ഷൻ, കാർത്തിക ജങ്ഷൻ, പത്തിശേരി, മംഗലം, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയ്ക്ക് വടക്കുഭാഗം, പ്രണം നഗർ, ഗസ്റ്റ് ഹൗസ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് രൂക്ഷമായ കടലാക്രമണം അനുഭവപ്പെട്ടത്. പല സ്ഥലങ്ങളിലും റോഡിൽ മണ്ണും മൂടിയത് ഗതാഗത തടസത്തിന് കാരണമായിരുന്നു. കൂടാതെ കടലാക്രമണ പ്രതിരോധത്തിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഭാഗത്ത് നാട്ടുകാർ ഞായറാഴ്ച വൈകിട്ട് ആരംഭിച്ച റോഡ് ഉപരോധം ഇന്നലെ ഉച്ചയോടെയാണ് അവസാനിപ്പിച്ചത്. അർദ്ധരാത്രിയിലെത്തിയ യാത്രക്കാരെേ പോലും പ്രതിഷേധക്കാർ കടത്തിവിട്ടില്ല. പാൽ വണ്ടിയും കടത്തിവിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇതുമൂലം ബസ് ഗതാഗതം പൂർണമായും തടസപ്പെട്ടത് യാത്രക്കാരെ വലച്ചു. റോഡിൽ അടിഞ്ഞ മണ്ണ് ഇന്നലെ വൈകിട്ടോടെ നീക്കി തുടങ്ങി.